അമേരിക്ക-യൂറോപ്പ് ബന്ധം കണ്ടെത്താം; ഡിഎന്‍എ വിവരശേഖരണം വഴിത്തിരിവില്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലര്‍ കൊലപാതകങ്ങളുടെ ചുരുളഴിയുന്നത് ഡിഎന്‍എ പരിശോധനയിലൂടെയാണ്. കുറ്റകൃത്യങ്ങള്‍ നടന്ന സ്ഥലത്തു നിന്നും ശേഖരിച്ച ഡിഎന്‍എയുടെ ഉടമസ്ഥനെ കണ്ടെത്താന്‍ പൊലീസ് ഓടി നടന്നപ്പോഴാണ് അപ്രതീക്ഷിതമായി പ്രതിയുടെ ബന്ധുവിന്റെ ഡിഎന്‍എ സാമ്പിള്‍ ശ്രദ്ധയില്‍പ്പെടുന്നത്. അവയുടെ സാമ്യത താരതമ്യം ചെയ്തതിലൂടെയാണ് പ്രതി പിടിക്കപ്പെടുന്നത്.

ഈ സംഭവത്തിനു ശേഷം അമേരിക്കയില്‍ ജനതിക പഠനം വളരെ കാര്യക്ഷമമായി തന്നെ നടന്നു. രാജ്യത്തെ പകുതിയിലധികം ജനങ്ങളുടെ അകന്ന ബന്ധുക്കളെ ഡിഎന്‍എ പരിശോധയിലൂടെ കണ്ടെത്താനാകുമെന്ന് ഇപ്പോഴത്തെ പഠനം. യൂറോപ്പില്‍ നിന്നും അമേരിക്കയിലേയ്ക്ക് കുടിയേറിപ്പാര്‍ത്തവരാണ് ഇന്ന് രാജ്യത്തുള്ള നിരവധി പേരുടെയും പൂര്‍വ്വികര്‍. ഇവരെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പഠന സംഘത്തിന്റെ അവകാശ വാദം.

വിവിധ ആളുകളുടെ ഡിഎന്‍എ വിവങ്ങള്‍ ശേഖരിച്ചു കൊണ്ടുള്ള ഇന്റര്‍നെറ്റ് ഡേറ്റ ബേസ് ഉണ്ടാക്കാനാണ് സംഘത്തിന്റെ തീരുമാനം. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇത് സാധ്യമാകുമെന്നും ഇവര്‍ കണക്കു കൂട്ടുന്നു. കടുത്ത സ്വകാര്യതാ സംരക്ഷണ ചട്ടങ്ങള്‍ പാലിച്ചു കൊണ്ടു മാത്രമേ ഇതിലെ വിവരങ്ങള്‍ ജനങ്ങള്‍ക്ക്‌
എടുക്കാന്‍ സാധിക്കൂ. ഒരേ പൂര്‍വ്വികരില്‍ നിന്നും ഉണ്ടായ ആളുകളെ ഇത്തരത്തില്‍ നിഷ്പ്രയാസം കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ക്രിമിനല്‍ കേസുകളില്‍ നിര്‍ണ്ണായക തുമ്പുണ്ടാക്കാന്‍ സാധിക്കുന്നതാണ് ജനിതക പഠന രംഗത്തെ ഈ ചുവടുവയ്പ്പ്. പൊലീസ് ശേഖരണത്തിലുള്ള ഡിഎന്‍എ സാമ്പിളുമായി പ്രതിയുടെ ഡിഎന്‍എ പൊരുത്തപ്പെടുന്നില്ലെങ്കില്‍ കേസന്വേഷണം നിര്‍ത്തുകയാണ് സാധാരണ ഗതിയില്‍ ചെയ്യാറുള്ളത്.

ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലിംഗ് കേസിലും ഡിഎന്‍എ പരിശോധനയ്ക്കുള്ള സൗകര്യം ശരിയായ രീതിയില്‍ ഇല്ലാതിരുന്നതിനാല്‍ പ്രതി മുങ്ങി നടന്നു. 12 കൊലപാതകങ്ങളും 50 ബലാത്സംഗങ്ങളുമാണ് 1970കളില്‍ ഇയാള്‍ നടത്തിയിരുന്നത്. ഇയാളുടെ ബന്ധുവിന്റെ ഡിഎന്‍എ ലഭിച്ചപ്പോള്‍ 1800 കള്‍ മുതലുള്ള അവരുടെ കുടുംബ ചരിത്രമാണ് പൊലീസ് പരിശോധിച്ചത്!. വിജയകരമായ ഈ കണ്ടെത്തലിനെത്തുടര്‍ന്ന് പൂട്ടിക്കെട്ടിയ പല കേസുകളും വീണ്ടും അന്വേഷിച്ചു. 13 ആളുകളെയാണ് അഞ്ച് മാസം കൊണ്ട് ഡിഎന്‍എ പരിശോധനയിലൂടെ വിവിധ കേസുകളില്‍ പ്രതികളാണെന്ന് കണ്ടെത്തിയത്.

മൈ ഹെരിറ്റേജ് എന്ന വെബ്‌സൈറ്റ് 1.28 മില്യണ്‍ ആളുകളുടെ ജനിതക വിവരങ്ങളാണ് ശേഖരിച്ച് വച്ചിരിക്കുന്നത്. ഫീസ് നല്‍കിയാല്‍ മാത്രമേ ഇവര്‍ ഡിഎന്‍എ കണ്ടെത്തി പോസ്റ്റ് ചെയ്യുകയുള്ളൂ. 60 ശതമാനം അമേരിക്കക്കാരുടെയും യൂറോപ്യന്‍ ബന്ധുക്കളെ ഇതിനകം കണ്ടെത്താനായിട്ടുണ്ട്.

Top