വഖഫ് ബോര്‍ഡിന് കീഴിലുള്ള സംസ്ഥാനത്തെ പള്ളികളിലെല്ലാം ഇന്ന് പതാക ഉയര്‍ത്തും

കോഴിക്കോട്: വഖഫ് ബോര്‍ഡിന് കീഴിലുള്ള സംസ്ഥാനത്തെ എല്ലാ പള്ളികളിലും ഇന്ന് ദേശീയ പതാക ഉയര്‍ത്തും. ഇതുമായി ബന്ധപ്പെട്ട് വഖഫ് ബോര്‍ഡിന്റെ ഡിവിഷണല്‍ ഓഫീസാണ് എല്ലാ പള്ളികള്‍ക്കും നിര്‍ദേശം നല്‍കിയത്.

ആദ്യമായാണ് സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള വഖഫ് ബോര്‍ഡ് ഇത്തരം ഒരു നിര്‍ദേശം നല്‍കുന്നത്. അതേ സമയം ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള ദേവസ്വം ബോര്‍ഡ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ല.

ദേശീയ പതാക ഉയര്‍ത്താനും ഭരണണഘടനയുടെ ആമുഖം വായിക്കാനും, ഭരണഘടന സംരക്ഷണ പ്രതിജ്ഞ എടുക്കാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. നിര്‍ദ്ദേശം മാനിക്കുമെന്നും എല്ലാ ജില്ലകളിലേയും പള്ളികളില്‍ റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തുമെന്നും വിവിധ ഖാസിമാര്‍ അറിയിച്ചു.

അതേസമയം, വഖഫ് ബോര്‍ഡിന്റെ ഈ നിര്‍ദേശത്തില്‍ ചില മുസ്ലീം നേതാക്കള്‍ അസ്വാഭാവികത കാണുന്നുണ്ട്. പതാക ഉയര്‍ത്തുന്നതില്‍ എതിര്‍പ്പില്ലെങ്കിലും ഏതെങ്കിലും ഒരു മതത്തിന്റെ ആരാധനാലയത്തില്‍ മാത്രം പതാക ഉയര്‍ത്തുന്നത് എന്തിനെന്നാണ് അവരുടെ ചോദ്യം.

സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ബോര്‍ഡ് അത്തരം ഒരു നിര്‍ദേശം ഒരു വിഭാഗത്തിന് മാത്രം നല്‍കുന്നതില്‍ അനൗചിത്വമുണ്ടന്നും അവര്‍ ചൂണ്ടിക്കാട്ടി.

Top