mosque aazaan contraversy-young man who supported sonu nigam attacked

ഗോപാലപുര: ബാങ്ക് വിളിയുമായി ബന്ധപ്പെട്ട് ഗായകന്‍ സോനു നിഗം നടത്തിയ പ്രസ്താവനയെ പിന്തുണച്ച യുവാവിനെതിരെ ഒരുസംഘമാളുകള്‍ ആക്രമണം നടത്തി. മധ്യപ്രദേശിലെ ഗോപാലപുര സ്വദേശിയായ ശിവം റായ് എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. ബുധനാഴ്ച രാവിലെ ശിവം റായിയുടെ വീട്ടിലെത്തിയ ആക്രമികള്‍ അയാളെ കുത്തിവീഴ്ത്തുകയായിരുന്നു.

ശിവം റായിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ആക്രമണത്തിന് കാരണമായതെന്നാണ് കരുതുന്നത്. ഗായകനെ അനുകൂലിച്ച് ശിവം റായ് പോസ്റ്റിട്ടിരുന്നു. തുടര്‍ന്ന് മുഹമ്മദ് നഗോരി, ഫൈസാന്‍ ഖാന്‍ എന്ന രണ്ടുപേര്‍ ശിവം റായിയെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി. നേരിട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തി അക്രമിക്കുകയായിരുന്നുവെന്നാണ് റായ് പറയുന്നത്. പൊലീസിന് ഇതുവരെ അക്രമികളെ പിടികൂടാനായിട്ടില്ല.

ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കറുകളുടെ ഉപയോഗത്തിനെതിരായ സോനു നിഗമിന്റെ ട്വീറ്റ് വന്‍ വിവാദമായിരുന്നു. കാലത്ത് പള്ളിയിലെ ബാങ്കുവിളി കേട്ടാണ് ഉണര്‍ന്നതെന്നും മതവും വിശ്വാസവും അടിച്ചേല്‍പിക്കുന്നത് എന്നാണ് അവസാനിക്കുക എന്നുമായിരുന്നു ട്വീറ്റ്. ഒരു വിഭാഗം ഗായകനെ പിന്തുണച്ചപ്പോള്‍ മറ്റൊരു വിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തുവരുകയും ചെയ്തു.

Top