കേരളവുമായി സഹകരിക്കാനൊരുങ്ങി മോസ്‌കോ ഭരണകൂടം

ന്യൂഡല്‍ഹി: കേരളവുമായി വിവിധ മേഖലകളില്‍ സഹകരിക്കാന്‍ താത്പര്യമെന്ന് മോസ്‌കോ. വിനോദസഞ്ചാരം, ആയുര്‍വേദം, റബ്ബര്‍ അധിഷ്ഠിത വ്യവസായം തുടങ്ങിയ മേഖലകളില്‍ സഹകരിക്കാനാണ് മോസ്‌കോ ഭരണകൂടത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങളുടെ ചുമതലയുള്ള മന്ത്രി സെര്‍ഗെ പെരാമിന്‍ വ്യക്തമാക്കിയത്.

കേരളസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി എ. സമ്പത്തുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തുടര്‍നടപടികളുടെ ഭാഗമായി റഷ്യന്‍ എംബസി പ്രതിനിധികള്‍ വൈകാതെ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചു.

കേരളത്തിലേക്കുള്ള റഷ്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതിനാല്‍ കാലാവസ്ഥയും ഭൂപ്രകൃതിയും ജനങ്ങളുടെ സൗഹൃദമനഃസ്ഥിതിയും വളരെ ആകര്‍ഷകമാണെന്നും കേരളസര്‍ക്കാരുമായി ചര്‍ച്ചനടത്തി റഷ്യയില്‍ ആയുര്‍വേദത്തിനു കൂടുതല്‍ പ്രചാരം നല്‍കുമെന്നും മോസ്‌കോ മന്ത്രി പറഞ്ഞു.

റഷ്യയുടെ ഓണററി കോണ്‍സലും തിരുവനന്തപുരം റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടറുമായ രതീഷ് സി. നായര്‍, മോസ്‌കോ സര്‍ക്കാരിന്റെ അന്താരാഷ്ട്ര വകുപ്പ് ഉപമേധാവി ഒലേഗ് ഷുക്തന്‍, ഡല്‍ഹിയിലെ റഷ്യന്‍ എംബസിയുടെ സെക്രട്ടറി മിഖായേല്‍ തിത്രോവ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Top