അവസാന ഓവറിൽ ‘മോറിസ്’കസറി: രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം

മുംബൈ: ഐപിഎൽ താരലേലത്തിലെ റെക്കോർഡ് തുകയായ 16.25 കോടി രൂപ ലഭിച്ചതെന്തുകൊണ്ട് എന്ന് തെളിയിച്ച് തകർത്തടിച്ച മോറിസിന്റെയും, ഡേവിഡ് മില്ലറിന്റെയും മികവിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. മൂന്നു വിക്കറ്റിനാണ് രാജസ്ഥാൻ ഡൽഹിയെ വീഴ്ത്തിയത്. ഡൽഹി ഉയർത്തിയ 148 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത രാജസ്ഥാൻ, രണ്ടു പന്തും മൂന്നു വിക്കറ്റും ബാക്കിനിർത്തിയാണ് ലക്ഷ്യം മറികടന്നത്.

അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 42 റൺസ് എന്ന നിലയിൽ തകർന്ന രാജസ്ഥാനെ, ദക്ഷിണാഫ്രിക്കക്കാരായ ഡേവിഡ് മില്ലർ (43 പന്തിൽ 62), ക്രിസ് മോറിസ് (18 പന്തിൽ പുറത്താകാതെ 36) എന്നിവരുടെ ഇന്നിങ്സുകളാണ് രക്ഷപ്പെടുത്തിയത്. രാഹുൽ തെവാത്തിയ (17 പന്തിൽ 19), പന്തുകൊണ്ടും പിന്നീട് ബാറ്റുകൊണ്ടും തിളങ്ങിയ ജയ്ദേവ് ഉനദ്കട് (ഏഴു പന്തിൽ 11) എന്നിവരുടെ കൂട്ടും രാജസ്ഥാൻ വിജയത്തിൽ നിർണായകമായി.

എന്നാൽ, ഓപ്പണര്‍മാരായ മനന്‍ വോഹ്‌റ (9), ജോസ് ബട്‌ലര്‍ (2) എന്നിവര്‍ക്കൊപ്പം ക്യാപ്റ്റന്‍ സഞ്ജു സാംസണും (4) മികച്ച ഫോമിലേക്ക് വരാൻ കഴിഞ്ഞില്ല.

ഡൽഹിക്കായി ആവേശ് ഖാൻ‌ നാല് ഓവറിൽ 32 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്സ് നാല് ഓവറിൽ 22 റൺസ് വഴങ്ങിയും കഗീസോ റബാദ നാല് ഓവറിൽ 30 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Top