മോര്‍ഫിങ് സംഭവം ; വിവാഹ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അവഗണനയും ജോലി നഷ്ടവുമെന്ന് റിപ്പോര്‍ട്ട്

photo

കോഴിക്കോട്: വടകരയിലെ മോര്‍ഫിങ് കേസിന് പിന്നാലെ ജില്ലയിലെ വിവാഹ ഫോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോ ഗ്രാഫര്‍മാര്‍ക്കും മാനഹാനിയും തൊഴില്‍ നഷ്ടവുമെന്ന് റിപ്പോര്‍ട്ട്.

വടകരയില്‍ വിവാഹ ഫോട്ടോകളില്‍ നിന്നുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ നിര്‍മ്മിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പ സംഭവം വിവാദമായതോടെ സമൂഹത്തില്‍ ഇരയാകുന്നത് ഫോട്ടോഗ്രാഫി ഉപജീവനമായി കാണുന്നവരെ. നിരവധി വിവാഹ ഓര്‍ഡറുകള്‍ റദ്ദാക്കപ്പെട്ടതായതാണ് വിവരം.

പലരും വിവാഹ വീട്ടില്‍ നിന്ന് തിരിച്ചയയ്ക്കപ്പെട്ടുവെന്നും വിവാഹദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കുത്തുവാക്കുകളും സംശയത്തോടെയുള്ള നോട്ടങ്ങളും തങ്ങളുടെ മനോവീര്യം തകര്‍ക്കുന്നതായും മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

വടകര, നാദാപുരം, കക്കട്ടില്‍ തുടങ്ങിയ ഭാഗങ്ങളിലാണ് കാര്യമായ പ്രശ്നങ്ങള്‍ നേരിടുന്നത്. ഒട്ടേറെ ഫോട്ടോ/വീഡിയോ ഗ്രാഫര്‍മാര്‍ക്ക് ഇത്തരത്തില്‍ ദുരനുഭവങ്ങള്‍ ഉണ്ടായതായി ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.പി.പ്രസാദ് വ്യക്തമാക്കി. വിവാഹ ഓര്‍ഡറുകള്‍ റദ്ദാക്കപ്പെട്ടതും തിരിച്ചയയ്ക്കപ്പെട്ടതുമായ സംഭവങ്ങള്‍ അസോസിയേഷന് മുമ്പാകെ എത്തുന്നുണ്ട്.

ഫോട്ടോഗ്രാഫറല്ല കൃത്യം ചെയ്തിരിക്കുന്നതെന്നും വിവാഹ ഫോട്ടോകളല്ല മോര്‍ഫ് ചെയ്യപ്പെട്ടതും എന്നിട്ടും വിവാഹ ഫോട്ടോഗ്രാഫര്‍മാരാണ് ഇരയാക്കപ്പെടുന്നത്. 45,000 ഫോട്ടോകള്‍ ഒരാള്‍ മോര്‍ഫ് ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രായോഗിക ബുദ്ധിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

പരാതി ലഭിച്ചയുടന്‍ തന്നെ അര്‍ഹിക്കുന്ന ഗൗരവത്തോടെ പൊലീസ് നടപടിയിലേക്ക് നീങ്ങിയില്ലെന്നും ഇത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുകയും തൊഴില്‍ മേഖല തന്നെ അപമാനിക്കപ്പെടുകയും ചെയ്തതായും അസോസിയേഷന്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു.

Top