കെ.എസ്.യു പ്രവർത്തകയെ അപമാനിച്ച് സ്വന്തം നേതാക്കൾ . . .

തിരുവനന്തപുരം: യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീലചിത്രമാക്കി പ്രചരിപ്പിച്ചതിന് കെഎസ്‌യു സംസ്ഥാനതല നേതാക്കള്‍ക്ക് അടക്കം എതിരെ കേസ്. കെ എസ് യു പ്രവര്‍ത്തകയുടെ ചിത്രമാണ് ഇവര്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണ, തിരുവനന്തപുരം കെഎസ്‌യു ജില്ലാ പ്രസിഡന്റ് സെയ്താലി എന്നിവര്‍ക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പ്രവര്‍ത്തക നേരിട്ട് നല്‍കിയിരിക്കുന്ന പരാതിയില്‍ തൊടുപുഴ മുട്ടം പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തന്നെ അപമാനിക്കാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചു എന്നാണ് പ്രവര്‍ത്തകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമം എന്നതടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മോര്‍ഫ് ചെയ്തു എന്ന് പറയപ്പെടുന്ന ദൃശ്യം ഇതുവരെ കിട്ടിയിട്ടില്ലെന്ന് തൊടുപുഴ പൊലീസ് വ്യക്തമാക്കുന്നു. പൊലീസില്‍ മാത്രമല്ല, ഡിജിപിയ്ക്കും സംസ്ഥാന വനിതാ കമ്മീഷനും പ്രവര്‍ത്തക പരാതി നല്‍കിയിട്ടുണ്ട്.

Top