2026-ലെ ഫിഫ ലോകകപ്പ് വേദിക്കായി അവകാശവാദം ഉന്നയിക്കാന്‍ മൊറോക്കോയും

സൂറിച്ച്: 2026-ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകാന്‍ ശ്രമം ആരംഭിച്ച് വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോ.

ലോകകപ്പ് വേദിക്കായി അവകാശവാദം ഉന്നയിക്കുമെന്ന് മൊറോക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചു. ഇതു അഞ്ചാം തവണയാണ് മൊറോക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ലോകകപ്പിനായി ശ്രമിക്കുന്നത്.

അതേസമയം ആതിഥേയരാകാനുള്ള അവസരം ലഭിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ലോകകപ്പിന് വേദിയാകുന്ന ആഫ്രിക്കന്‍ രാജ്യമായി മാറും മൊറോക്കോ.

യുഎസ്, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളും ലോകകപ്പ് വേദിക്കായി രംഗത്തുണ്ട്. 2018-ലെയും 2022-ലെയും ലോകകപ്പുകള്‍ക്ക് റഷ്യയും ഖത്തറും ആതിഥേയത്വം വഹിക്കുന്നതിനാല്‍ തെക്കേ അമേരിക്ക, ആഫ്രിക്ക, ഓഷ്യാനിയ എന്നീ മേഖലയിലുള്ള രാജ്യങ്ങള്‍ക്ക് മാത്രമേ അവസരം ലഭിക്കുകയുള്ളൂ.

2020-ല്‍ വേദി സംബന്ധിച്ച അന്തിമ തീരുമാനം ഫിഫ പ്രഖ്യാപിക്കും. 2026-ലെ ലോകകപ്പില്‍ 48 രാജ്യങ്ങളാണ് മത്സരിക്കുന്നത്.

Top