പുതു ചരിത്രം എഴുതി മൊറോക്കോ സെമിയില്‍; പോർച്ചുഗൽ പുറത്ത്

ദോഹ: ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പറങ്കിപ്പടയെ തുരത്തി മൊറോക്കോ സെമിയില്‍. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമാണ് മൊറോക്കോ. ആദ്യപകുതിയില്‍ 42-ാം മിനുറ്റില്‍ നെസീരിയിലൂടെ നേടിയ ഏക ഗോളിലാണ്(1-0) മൊറോക്കോയുടെ വിജയം. ബഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ രണ്ടാംപകുതിയില്‍ ഇറക്കിയിട്ടും മടക്ക ഗോള്‍ നേടാന്‍ പോര്‍ച്ചുഗലിനായില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബഞ്ചിലിരുത്തി ഇറങ്ങിയ പോര്‍ച്ചുഗല്‍ ആദ്യപകുതിയില്‍ തീര്‍ത്തും നിറംമങ്ങി.

കഴിഞ്ഞ കളിയിൽ ഹാട്രിക് നേടിയ ഗോണ്‍സാലോ റാമോസ് ആദ്യ 45 മിനുറ്റുകളില്‍ നിഴല്‍ മാത്രമായി. 42-ാം മിനുറ്റിലായിരുന്നു യഹിയയുടെ ക്രോസില്‍ ഉയര്‍ന്നുചാടി തലവെച്ച് നെസീരിയുടെ ഗോള്‍. സാക്ഷാല്‍ സിആര്‍7നെ ഓര്‍മ്മിപ്പിച്ച ജംപിലൂടെയായിരുന്നു നെസീരി വല ചലിപ്പിച്ചത്. പോര്‍ച്ചുഗീസ് ഗോളി ഡിയാഗോ കോസ്റ്റയുടെ അബദ്ധത്തില്‍ നിന്ന് കൂടിയായിരുന്നു ഈ ഗോള്‍. ഇതിന് പിന്നാലെ ബ്രൂണോയുടെ ഷോട്ട് ബാറില്‍ തട്ടി തെറിച്ചതോടെ മൊറോക്കോയ്ക്ക് 1-0 ലീഡോടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു.

രണ്ടാംപകുതിയില്‍ ഇരു ടീമുകളും കൂടുതല്‍ ആക്രമിച്ച് കളിച്ചു. പോർച്ചുഗൽ 51-ാം മിനുറ്റില്‍ നെവസിനെ വലിച്ച് റൊണാള്‍ഡോയെ ഇറക്കി. മൈതാനത്തെത്തി ആദ്യ മിനുറ്റില്‍ തന്നെ റോണോയുടെ ക്രോസ് എത്തി. 64-ാം മിനുറ്റില്‍ ബ്രൂണോ സമനിലക്കായുള്ള സുവര്‍ണാവസരം തുലച്ചു. എട്ട് മിനുറ്റ് ഇഞ്ചുറിടൈമിന്റെ തുടക്കത്തില്‍ റൊണാള്‍ഡോയുടെ ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് ബോനോ തടഞ്ഞത് പോര്‍ച്ചുഗീസ് പ്രതീക്ഷകള്‍ തകര്‍ത്തു. പിന്നാലെ മൊറോക്കോയുടെ ചെദീരയ്ക്ക് ചുവക്ക് കാര്‍ഡ് കിട്ടി.

Top