മുല്ലപ്പെരിയാർ ഡാമില്‍ നിന്ന് കൂടുതൽ വെള്ളം തുറന്നു വിടും

ഇടുക്കി: മുല്ലപ്പെരിയാർ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ തീരുമാനം. സെക്കന്റിൽ പതിനായിരം ഘനയടിയിലധികം വെള്ളം ഒഴുക്കിവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. വള്ളക്കടവ് മുതൽ വണ്ടിപ്പെരിയാർ വരെ പെരിയാർ തീരത്തുള്ളവരോട് ക്യാമ്പിലേക്ക് മാറാൻ കർശന നിർദേശം നല്‍കി. ഇടുക്കി ആർ ഡി ഒ നേരിട്ടെത്തിയാണ് നിർദേശം നൽകിയത്. ജനങ്ങള്‍ക്ക് ക്യാമ്പിലേക്ക് മാറാൻ വാഹന സൗകര്യം ഏർപ്പെടുത്തും.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നിരുന്നു. നിലവിൽ സെക്കന്റിൽ 8741 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. കൂടുതൽ വെള്ളം തുറന്ന് വിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ കുറവ് വന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ തീരുമാനമായത്.

മുല്ലപെരിയാർ ഡാം ഷട്ടറുകൾ എല്ലാം തുറന്ന സാഹചര്യത്തിൽ മഞ്ചുമലയിൽ വില്ലേജ് ഓഫീസ് ആസ്ഥാനമായി 24X7 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. ഫോൺ നമ്പർ 04869-253362, മൊബൈൽ 8547612910 അടിയന്തിര സാഹചര്യങ്ങളിൽ താലൂക്ക് കൺട്രോൾ റൂം നമ്പർ 04869-232077, മൊബൈൽ 9447023597 എന്നിവയും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താം.

Top