പ്രതിഷേധം കത്തിപടരുന്നു; ഉത്തര്‍പ്രദേശില്‍ മരണം18 ആയി, സംസ്ഥാനത്ത് ജാഗ്രത

ഉത്തര്‍പ്രദേശ്:  രാജ്യമൊട്ടാകെ പൗരത്വനിയമഭേദഗതിക്കെതിരേയുള്ള പ്രതിഷേധം കത്തിപടരുകയാണ്. ഏറ്റവും അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്ന ഉത്തര്‍പ്രദേശില്‍ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 18 ആയി.

രാംപൂരില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്.

മീററ്റിലും ബിജ്‌നോറിലും ഉന്നത ഉഗ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സുരക്ഷ ഒരുക്കിയിട്ടുണ്ട്. മീററ്റില്‍ മാത്രം നാല്‌പേരാണ് അക്രമത്തില്‍ മരിച്ചത്.

വിവിധ നഗരങ്ങളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം പിന്‍വലിച്ചിട്ടില്ല.രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലും ഇന്ന് ഇന്റര്‍നെറ്റ് നിയന്ത്രണമുണ്ട്. പ്രശ്‌നസാധ്യതയുള്ള മേഖലകളില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് എട്ടു വരെയാണ് നിയന്ത്രണം.

ഉത്തര്‍പ്രദേശില്‍ ഇന്നലെ പലയിടത്തും വെള്ളിയാഴ്ചയിലെ പ്രാര്‍ത്ഥനയ്ക്ക്‌ശേഷമുള്ള പ്രതിഷേധങ്ങള്‍ അക്രമാസക്തമാവുകയായിരുന്നു. പതിമൂന്ന് ജില്ലകളിലാണ് പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയത്. അക്രമം നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

പ്രതിഷേധക്കാര്‍ക്കുനേരെ വെടിവെച്ചിട്ടില്ലെന്ന് യു.പി. പോലീസ് മേധാവി ഒ.പി. സിങ് പറഞ്ഞു. പ്രതിഷേധക്കാര്‍ തമ്മിലുണ്ടായ വെടിവെപ്പിലാണ് മരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ ആയിരത്തോളം പേരെ അറസ്റ്റുചെയ്തു. 15,000 ആളുകളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. കരുതല്‍ നടപടിയെന്നനിലയില്‍ ശനിയാഴ്ച 600 പേരെ കസ്റ്റഡിയിലെടുത്തു. സംഘര്‍ഷമേഖലകളിലെല്ലാം അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്

 

 

Top