ലഡാക്കിന് പിന്നാലെ ആന്‍ഡമാനിലും സൈനിക വിന്യാസം വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി:ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനയുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ ആന്‍ഡമാനിലും ഇന്ത്യ സൈനിക വിന്യാസം വര്‍ധിപ്പിക്കാനൊരുങ്ങുന്നു. മുന്‍പ് ചര്‍ച്ചയും സുഹൃദ്ബന്ധവും തുടര്‍ന്നിരുന്ന പശ്ചാത്തലത്തില്‍ ഇവിടെ ശക്തമായ കാവല്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ സൈനിക സാഹചര്യം കൂട്ടാനാണ് തീരുമാനം.

കിഴക്കന്‍ അതിരിന് പിന്നാലെ സമുദ്രമാര്‍ഗ്ഗത്തിലൂടെയും ചൈന ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് കണ്ണൂ വെയ്ക്കുന്നത് തടയാന്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ഉള്‍പ്പെടെ ഏറെക്കാലമായി നടപ്പാകാതെ കിടന്ന പദ്ധതികള്‍ക്ക് ചടുലവേഗം കൈവന്നതായാണ് വിവരങ്ങള്‍.

ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് തന്ത്രപ്രധാനമായ ഭാഗമാണ് ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നയതന്ത്ര പരമായ കരുത്ത് വര്‍ദ്ധിപ്പിക്കാനും ചൈനയുടെ പിടി അയയ്ക്കാനുമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കരുത്ത് കൂട്ടുന്നത്.

ചൈനയുടെ പുതിയ മാനസീകാവസ്ഥയില്‍ 3488 കിലോ മീറ്റര്‍ നീളം വരുന്ന എല്‍എസിയ്ക്കൊപ്പം തന്നെ ഇന്ത്യന്‍ മഹാസമുദ്ര മേഖലകളും പ്രധാന്യം വരുന്നെന്ന വിലയിരുത്തലിലാണ് സൈനികരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

2001 മുതല്‍ രാജ്യത്തിന്റെ കര വ്യോമ നാവിക സേനകളെ ഒരുമിപ്പിക്കുന്ന മേഖലയായി ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകള്‍ മാറിയിരുന്നു. ആന്‍ഡമാന്‍-നിക്കോബാര്‍ കമാന്‍ഡ് ആയ ഇവിടെ പല പദ്ധതികളും നടപ്പിലാക്കാനാകാകതെ ഇഴയുകയായിരുന്നു. റണ്‍വേ വികസനം, ഭൂമിയേറ്റെടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് പാരിസ്ഥികാനുമതി വരെ ലഭിക്കാതിരുന്ന സാഹചര്യങ്ങളുണ്ടായി. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഇക്കാര്യത്തില്‍ മാറ്റം വന്നിട്ടുണ്ട്. ലഡാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അനുമതികള്‍ വേഗത്തിലായി.

യുദ്ധക്കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍ എന്നില കൂടുതലായി ആന്‍ഡമാനിലേക്ക് വിന്യസിക്കാനാണ് ഇപ്പോള്‍ തീരുമാനം. ഇതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.

Top