More transgenders enroll as Voters in Maharashtra

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ഭിന്നലിംഗത്തില്‍പെട്ട നിരവധി പേരാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തത്. 2014 ജനുവരിയില്‍ മറ്റുള്ളവര്‍ എന്ന വിഭാഗത്തില്‍ 261 പേരായിരുന്നു പട്ടികയില്‍ പേര് ചേര്‍ത്തിരുന്നത്.

2015 ജനുവരിയില്‍ അത് ആയിരമായി ഇപ്പോള്‍ 1271 വോട്ടര്‍മാരാണ് പേരുചേര്‍ത്തിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ഇതില്‍ 219 പേരും താനെ ജില്ലയില്‍ നിന്നുള്ളവരാണ്. തൊട്ടു പിന്നില്‍ 174 പേരുമായി മുംബയിലെ അതിര്‍ത്തിജില്ലയാണ്. അഹമ്മദ്‌നഗറാണ് മൂന്നാംസ്ഥാനത്ത് .111 പേരാണ് അവിടെ നിന്നുള്ളവര്‍.

അകോല, അമരാവതി, നാഗ്പൂര്‍, യവത്ത്മാള്‍, മുംബയ് സിറ്റി, പൂനെ, സോലാപൂര്‍ തുടങ്ങി നിരവധി ജില്ലകളില്‍ നിന്നുള്ള ഭിന്നലിംഗക്കാര്‍ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ത്തിട്ടുണ്ട്. എന്‍.ജി.ഒകളായ അസ്ഥിത്വ, സംഗം എന്നിവയുടെ സഹായവും പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പൊതുചര്‍ച്ചകളും സംഘടിപ്പിച്ചിരുന്നതായി ഡെപ്യൂട്ടി ചീഫ് ഇലക്ട്രോറല്‍ ഓഫീസറായ ശിരിഷ് മൊഹൂദ് പറയുന്നു.

പോസ്റ്ററുകളും, ഓഡിയോവിഷ്വല്‍ ഷോട്ട്ഫിലിമുകള്‍ കാണിച്ചും പ്ലക്കാര്‍ഡുകള്‍ വഴിയും ഇലക്ഷന്‍ കമ്മിഷന്‍ ബോധവത്കരണം നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഭിന്നലിംഗക്കാര്‍ ഭൂരിഭാഗവും താമസിക്കുന്ന മുംബയിലെ കാമാത്തിപുരത്തിലും താനെയിലും ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു.

ഭിന്നലിംഗക്കാര്‍ കൂടുതലും പൊലീസില്‍ നിന്നുള്ള പീഡനം ഭയന്നും ജനനസര്‍ട്ടിഫിക്കറ്റ്, താമസസ്ഥലത്തിന്റെ രേഖകള്‍ മുതലായവ ഇല്ലാത്തതിനാലാണ് മുന്നോട്ട് വരാന്‍ ശ്രമിക്കാത്തത്. ഇത് പരിഹരിക്കാനായി ഇവരുടെ സമൂഹത്തിന്റെ തലവനായ ഗുരുജി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

2012ല്‍ മറ്റുള്ളവര്‍ എന്ന വിഭാഗത്തില്‍ ഒരാള്‍ പോലും ഇല്ലാതിരുന്ന സാഹചര്യത്തില്‍ നിന്നാണ് ഇപ്പോള്‍ 1271 പേരായിരിക്കുന്നത്. അതിനാല്‍ തന്നെ അവര്‍ക്കെതിരെ പൊലീസിന്റെ ഭാഗത്തു നിന്നും ഒരു പ്രശ്‌നങ്ങളും ഉണ്ടാവാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി ചീഫ് ഇലക്ട്രോറല്‍ ഓഫീസര്‍ പറഞ്ഞു.

Top