രാജ്യത്ത്‌ കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കും: പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. റെയില്‍വേ സ്റ്റേഷനുകളില്‍ കടകളും അനുവദിക്കുമെന്നും ആഴ്ചകള്‍ നീണ്ട ലോക്ക്ഡൗണിനു ശേഷം രാജ്യം സാധാരണനിലയിലേയ്ക്ക് എത്തേണ്ട സമയമായെന്നും മന്ത്രി പറഞ്ഞു.

മാത്രമല്ല റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നുള്ള ടിക്കറ്റ് ബുക്കിങ് പുനരാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തെ 1.7 ലക്ഷം കേന്ദ്രങ്ങളില്‍ നിന്ന് വെള്ളിയാഴ്ച മുതല്‍ ബുക്കിങ് ആരംഭിക്കും. സാമൂഹ്യ അകലം പാലിച്ചുകൊണ്ടും സുരക്ഷ മുന്നിര്‍ത്തിയും ടിക്കറ്റ് ബുക്കിങ് നടപ്പാക്കുന്നതിനുള്ള നപടിക്രമങ്ങള്‍ രൂപപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.

അതേസമയം, കുടിയേറ്റ തൊഴിലാളികളെ സ്വദേശങ്ങളിലേയ്ക്ക് അയയ്ക്കുന്നതിന് ട്രെയിനുകള്‍ ലഭ്യമാക്കാന്‍ ചില സംസ്ഥാനങ്ങള്‍ സഹകരിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. പശ്ചിമ ബംഗാള്‍ സ്വദേശികളായ 40 ലക്ഷം പേരാണ് വിവിധ സംസ്ഥാനങ്ങളിലായുള്ളത്. എന്നാല്‍ ഇതുവരെ പശ്ചിമബംഗാളിലേയ്ക്ക് സര്‍വ്വീസ് നടത്തിയത് 27 പ്രത്യേക ട്രെയിനുകള്‍ മാത്രമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ലോക്ക്ഡൗണിന് ശേഷം മേയ് ആദ്യമാണ് കുടിയേറ്റ തൊഴിലാളികളെ സ്വദേശങ്ങളില്‍ തിരിച്ചെത്തിക്കുന്നതിന് ശ്രമിക് എക്‌സ്പ്രസുകള്‍ സര്‍വ്വീസ് ആരംഭിച്ചത്. കഴിഞ്ഞ ആഴ്ച 200 ട്രെയിനുകള്‍ കൂടുതലായി ഓടിക്കുമെന്നും റെയില്‍വേ അറിയിച്ചിരുന്നു.

അടുത്ത മാസം മുതല്‍ സാധാരണ സര്‍വ്വീസ് ആരംഭിക്കുമെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ മാസ്‌ക് അടക്കമുള്ള സുരക്ഷാ മുന്കരുതലുകള് സ്വീകരിച്ചുകൊണ്ടാണ് യാത്ര അനുവദിക്കുന്നത്.ഓരോ കോച്ചിലും യാത്രചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിലും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്.

Top