ഡല്‍ഹിയില്‍ 70 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്19; ആശങ്കയോടെ രാജ്യതലസ്ഥാനം !

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പിടിമുറുക്കി കോവിഡ്19. പൊതുജനങ്ങള്‍ക്കൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ – പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നത്‌ ഡല്‍ഹിയുടെ കാര്യത്തില്‍ ആശങ്ക ഇരട്ടിപ്പിക്കുകയാണ്.

ഡല്‍ഹിയില്‍ കോവിഡ് ബാധിതരായ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 70 കടന്നിരിക്കുകയാണ്. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ രണ്ട് നഴ്‌സുമാര്‍ക്കും സാകേത് മാക്‌സില്‍ മൂന്ന് നഴ്‌സുമാര്‍ക്കും എല്‍ജെപിയില്‍ മൂന്ന് പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

മുന്‍കരുതലിന്റെ ഭാഗമായി പടിഞ്ഞാറന്‍ ഡല്‍ഹിയിലെ 13 സ്‌കൂളുകളിലെ 700 ജീവനക്കാരെ കരുതല്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ചു മരിച്ചയാളുടെ മകനായ ഭക്ഷ്യവിതരണ ഇന്‍സ്‌പെക്ടര്‍ ഈ സ്‌കൂളുകള്‍ സന്ദര്‍ശിച്ചിരുന്നു എന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഡല്‍ഹി ലേഡി ഹാര്‍ഡിങ്ങ് ആശുപത്രിയിലെ നഴ്‌സുമാര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥീരികരിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇവിടുത്തെ ശിശുരോഗ ഐസിയു അടച്ചു.

കോവിഡ് 19 ബാധിച്ച് ഡല്‍ഹിയില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞും മരിച്ചിരുന്നു. ഡല്‍ഹി കലാവതി സരണ്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുഞ്ഞാണ് മരിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണമാണിത്.

ഡല്‍ഹിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുകയാണ്.

അതേസമയം ഡല്‍ഹിയില്‍ കോവിഡ് ഡ്യൂട്ടിയിലുള്ള നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചതായി ആന്റോ ആന്റണി എംപി അറിയിച്ചു. നഴ്‌സുമാര്‍ നേരിടുന്ന പല വിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് എംപി ഡല്‍ഹി സര്‍ക്കാരിന് കത്തയച്ചിരുന്നു.

Top