വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി; ആദ്യദിനം പാളി ആഭ്യന്തര സര്‍വ്വീസ്, പ്രതിഷേധം ശക്തം

മുംബൈ: ലോക്ക്ഡൗണിനെ തുടര്‍ന്ന് ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ പുനരാരംഭിച്ചെങ്കിലും നിരവധി സര്‍വ്വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ അനിശ്ചിതത്വം. ഡല്‍ഹി, മുംബൈ എന്നിവയടക്കം നിരവധി നഗരങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് വിമാനത്താവളങ്ങളിലെത്തിയ യാത്രക്കാര്‍ പ്രയാസത്തിലായത്.

ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്നതും ഡല്‍ഹിയിലേയ്ക്ക് തിരികെ എത്തുന്നതുമായ 82 വിമാനങ്ങളാണ് റദ്ദാക്കിയത്. എന്നാല്‍ വിമാനങ്ങള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് അവസാന നിമിഷംവരെ അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്ന് ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3യില്‍ എത്തിയ യാത്രക്കാര്‍ പറയുന്നു. നിരവധി പേരാണ് വിമാനത്താവളത്തിലെത്തി കാത്തിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങള്‍ വിമാനസര്‍വ്വീസുകള്‍ നടത്താന്‍ തയ്യാറല്ലെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നതെന്ന് വിമാനത്താവള അധികൃതര്‍ പറയുന്നു.

ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് 125 സര്‍വ്വീസുകളും ഇവിടേയ്ക്ക് 118 സര്‍വ്വീസുകളുമാണ് ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്നത്.
അതേസമയം, മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ സാഹചര്യമുണ്ടായി. ഇവിടെനിന്നുള്ള നിരവധി സര്‍വ്വീസുകളും റദ്ദാക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വിമാനങ്ങള്‍ റദ്ദാക്കിയ വിവരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നും ഇവിടുത്തെ യാത്രക്കാരും പരാതിപ്പെട്ടു.

നീണ്ട വരിനിന്നാണ് പലയിടത്തും യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ സാധിച്ചത്. തെര്‍മല്‍ സ്‌ക്രീനിങ് കൂടാതെ ഓരോ യാത്രക്കാരുടെയും മൊബൈല്‍ ഫോണുകളില്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്നുള്ള പരിശോധനയും സുരക്ഷാ ജീവനക്കാര്‍ നടത്തുന്നുണ്ട്.

ചെന്നൈ, ബെംഗളൂരു വിമാനത്താവളങ്ങളിലും ഗുവാഹത്തി, ഇംഫാല്‍ തുടങ്ങിയ വിമാനത്താവളങ്ങളിലും സര്‍വ്വീസുകള്‍ റദ്ദാക്കാപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായി. ബെംഗളൂരുവില്‍ നിന്നുള്ള ഒമ്പത് സര്‍വ്വീസുകളാണ് റദ്ദാക്കപ്പെട്ടത്.

കോവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് ആഭ്യന്തര വ്യോമഗതാഗതം പുനരാരംഭിച്ചത്. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ എന്നീ വിമാനക്കമ്പനികളാണ് സര്‍വ്വീസ് നടത്തുമെന്ന് അറിയിച്ചിരുന്നത്.

Top