ബംഗളൂരുവിലെ മൂവായിരത്തിലധികം കോവിഡ് ബാധിതര്‍ അജ്ഞാതരെന്ന്

ബംഗളൂരു: ബംഗളൂരുവിലെ 3,338 കോവിഡ് ബാധിതര്‍ അജ്ഞാതരെന്ന് അധികൃതരുടെ വെളിപ്പെടുത്തല്‍. ആകെ രോഗബാധിതരുടെ ഏഴ് ശതമാനത്തോളമാണിത്. പരമാവധി ശ്രമിച്ചിട്ടും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നഗരത്തില്‍ രോഗികളുടെ എണ്ണം 16,000 ല്‍ നിന്ന് 27,000 ലേക്ക് കുതിച്ചു. കര്‍ണാടക സംസ്ഥാനത്തിലെ പകുതിയോളം കോവിഡ് കേസുകള്‍ ബംഗളൂവില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

വൈറസ് പോസിറ്റീവായ കുറച്ചു പേരെ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തിയെങ്കിലും 3,338 പേരെ ഇനിയും കണ്ടെത്താനുണ്ട്. പരിശോധനയ്ക്കെത്തിയ മിക്കവരും തെറ്റായ ഫോണ്‍ നമ്പറും മേല്‍വിലാസവുമാണ് നല്‍കിയതെന്നും മുന്‍സിപ്പല്‍ കമ്മിഷണര്‍ എന്‍ മഞ്ജുനാഥ് പ്രസാദ് വ്യക്തമാക്കി. പരിശോധനാഫലം ലഭിച്ചയുടനെ പലരും അപ്രത്യക്ഷരായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിശോധനാഫലം പോസിറ്റീവായവര്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചതായതായി വിവരം ലഭിച്ചിട്ടില്ല. രോഗബാധയുള്ള എല്ലാവരേയും കണ്ടെത്തുകയും ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അതിനാല്‍ രോഗബാധിതരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാഥമിക പരിഗണനയെന്നും ഉപമുഖ്യമന്ത്രി ഡോ. അശ്വന്ത് നാരായണ്‍ അറിയിച്ചു.

Top