ഇറാനില്‍ സ്ത്രീകളുടെ പ്രതിഷേധം അന്‍പതോളം നഗരങ്ങളില്‍; 30ലേറെ പേര്‍ കൊല്ലപ്പെട്ടു

ഹിജാബ് ധരിക്കാത്തതിന് ഇറാന്റെ മതപൊലീസ് കസ്റ്റഡിയിലെടുത്ത് മരണപ്പെട്ട മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധം രൂക്ഷം. രാജ്യത്തിന്റെ വിവിധിയിടങ്ങളിലായി നടക്കുന്ന പ്രതിഷേധത്തില്‍ ഇതുവരെ 30ലധികം പേര്‍ കൊല്ലപ്പെട്ടു. ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് സമരങ്ങളും പ്രതിഷേധവും.

‘ഇറാന്‍ ജനത അവരുടെ മൗലികാവകാശങ്ങളും മാനുഷിക അന്തസും നേടിയെടുക്കാന്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. ജനങ്ങളുടെ സമാധാനപരമായ പ്രതിഷേധത്തോട് സര്‍ക്കാര്‍ വെടിയുണ്ടകള്‍ കൊണ്ടാണ് പ്രതികരിക്കുന്നത്’.ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡയറക്ടര്‍ മഹ്‌മൂദ് അമിരി മൊഗദ്ദം പറഞ്ഞു.

അതേസമയം പ്രതിഷേധക്കാരെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത സുരക്ഷാ സേന നിഷേധിക്കുകയാണ്. വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധം ആരംഭിച്ചതെങ്കിലും നിലവില്‍ ഇറാന്റെ അന്‍പതോളം നഗരങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഇതിന് മുന്‍പ് 2019ല്‍ ഇറാനില്‍ പെട്രോള്‍ വില വര്‍ധനവിനെതിരെയായിരുന്നു ഇത്ര വലിയ പ്രതിഷേധം നടന്നത്.

Top