കേരളവും സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല; ഈ വര്‍ഷം 1500 ലൈംഗിക പീഡന കേസുകള്‍

രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ലൈംഗിക പീഡനങ്ങള്‍ നടക്കുമ്പോള്‍ വാതോരാതെ അഭിപ്രായം പറയാനും, വിമര്‍ശിക്കാനും മലയാളികള്‍ മുന്നിലുണ്ടാകും. എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് നമുക്ക് ചുറ്റും നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ എത്രത്തോളം സംസാരിക്കാന്‍ നമ്മള്‍ തയ്യാറാകുന്നുണ്ട്? കേരളത്തില്‍ ഈ വര്‍ഷത്തില്‍ ഇതുവരെ 1500ലേറെ ലൈംഗിക പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് റെക്കോര്‍ഡുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഉന്നാവോയിലും, ഹൈദരാബാദിലും രണ്ട് യുവതികള്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട വാര്‍ത്ത വരവെയാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 10,516 കേസുകളാണ് സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് പോലീസ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ വ്യക്തമാക്കി. ഇതില്‍ 1537 കേസുകള്‍ ലൈംഗിക പീഡനങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ ലൈംഗിക പീഡന കണക്കുകളേക്കാള്‍ എണ്ണം കുറഞ്ഞുവെന്നത് മാത്രമാണ് ഇതില്‍ അല്‍പ്പം ആശ്വാസം.

കഴിഞ്ഞ വര്‍ഷം 2015 ലൈംഗിക പീഡന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പുറമെ 3351 കടന്നുപിടിക്കല്‍ കേസുകളും, 167 തട്ടിക്കൊണ്ടുപോകല്‍, 309 പൂവാല കേസുകള്‍, നാല് സ്ത്രീധന മരണങ്ങള്‍, ഭര്‍ത്താക്കന്‍മാരും ബന്ധുക്കളില്‍ നിന്നും നേരിട്ട 2019 കേസുകളും കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്കിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. 2017ല്‍ കേരളത്തില്‍ 2003 ലൈംഗിക പീഡനങ്ങളും, 2016ല്‍ 1656 പീഡനങ്ങളുമാണ് അരങ്ങേറിയത്.

സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ നീതി വൈകുന്നത് ആശങ്കാജനകമാണെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ പറഞ്ഞു. നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. ഇതോടെ വൈകാരികമായി ആളുകള്‍ പ്രതികരിക്കും, ഇതാണ് തെലങ്കാനയില്‍ കണ്ടത്, ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആറ് മാസത്തിനിടെ അഞ്ച് സ്ത്രീകളാണ് പെട്രോള്‍ അക്രമത്തില്‍ കേരളത്തില്‍ കൊല്ലപ്പെട്ടതെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.

Top