more than 140 killed in air strikes on yemen funeral un

യുണൈറ്റഡ് നേഷന്‍സ്: യെമനില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 140 പേര്‍ കൊല്ലപ്പെട്ടു. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. യെമന്റെ തലസ്ഥാനമായ സനയിലെ പൊതുമന്ദിരത്തില്‍ നടന്ന ശവസംസ്‌കാര ചടങ്ങിലേക്കാണ് വ്യോമാക്രമണം ഉണ്ടായത്.

എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് സൗദി സൈനികവൃത്തങ്ങള്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. സാധാരണ ജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ ആക്രമിക്കാറില്ല എന്നും മറ്റു സാധ്യതകള്‍ കൂടി പരിഗണിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

തലസ്ഥാനനഗരിയില്‍ വേരുറപ്പിച്ച ഹൂതി വിമതര്‍ക്കെതിരെ യെമന്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് സൗദി ആക്രമണം നടത്തിവരികയാണ്. യുഎന്നിന്റെ കണക്കുപ്രകാരം 2015 മുതല്‍ നടന്നുവരുന്ന സൗദി സഖ്യത്തിന്റെ ആക്രമണങ്ങളില്‍ യെമനിലെ ആറായിരത്തിലധികം സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടിരിക്കുന്നു.

നിഷ്ഠൂരവും ഞെട്ടിക്കുന്നതുമെന്നാണ് യെമനിലെ യു.എന്‍. ഹ്യുമാനിറ്റേറിയന്‍ കോഡിനേറ്റര്‍ ജാമി മക്‌ഗോള്‍ഡ്‌റിക് വാര്‍ത്തയോട് പ്രതികരിച്ചത്. സംഭവത്തില്‍ ദ്രുത അന്വേഷണവും ജനജീവിതത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും യുഎന്‍ പ്രഖ്യാപിച്ചിട്ടുണ്ട്

Top