രാജ്യത്തെ നൂറോളം പാലങ്ങള്‍ അപകടാവസ്ഥയിലെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന നൂറോളം പാലങ്ങള്‍ അപകടാവസ്ഥയില്‍ ആണെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.

ലോക്‌സഭയില്‍ നടന്ന ചോദ്യോത്തരവേളയിലാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് 1.6 ലക്ഷം പാലങ്ങളുണ്ട്, ഇതില്‍ നൂറെണ്ണം തീര്‍ത്തും അപകടാവസ്ഥയിലാണ്, അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തിയില്ലെങ്കില്‍ ഗുരുതരമായ അപകടങ്ങള്‍ നടന്നേക്കാന്‍ സാധ്യതയുണ്ട്, രാജ്യത്ത് മികച്ച റോഡുകള്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു.

രാജ്യത്തെ എല്ലാ സ്ഥലങ്ങളിലേയും പാലങ്ങളുടെ വിവരശേഖരണത്തിനായുള്ള പദ്ധതി കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പിലാക്കുന്നുണ്ടെന്ന് മന്ത്രി സഭാ അംഗങ്ങളെ അറിയിച്ചു.

റോഡുകള്‍ക്കാവശ്യമായി സ്ഥലം ഏറ്റെടുക്കുന്നതിലും പരിസ്ഥിതി സംരക്ഷിക്കുന്നതിലും വരുന്ന പ്രശ്‌നങ്ങളാണ് റോഡ് നിര്‍മ്മാണത്തില്‍ ചിലപ്പോഴക്കെ കാലതാമസം വരുത്തുന്നതെന്ന് അദ്ദേഹം ലോക്‌സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. 3.85 ലക്ഷം കോടി രൂപയുടെ റോഡ് പദ്ധതികള്‍ നടത്താനിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top