പ്രകൃതിദത്ത ഊർജ്ജോത്പാദനത്തിൽ കൂടുതൽ സാങ്കേതികവിദ്യകൾ ഉപയോപ്പെടുത്തണം: മന്ത്രി ഡോ. ബിന്ദു

പ്രകൃതിദത്തമായ ഊർജ്ജോത്പാദനത്തിൽ കൂടുതൽ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൗരോർജ്ജ ഉപയോഗം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

പാരമ്പര്യേതര ഊർജ്ജോത്പാദനത്തിന് പോളിടെക്‌നിക്‌ പോലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ കൂടുതൽ നൂതനസാങ്കേതിക വിദ്യകൾ കണ്ടെത്തണമെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

സാങ്കേതിക വിദ്യാഭ്യാസവകുപ്പും കെ.എസ്.ഇ.ബി.സൗരയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യഘട്ടമെന്ന നിലയിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ട്രേറ്റിന് കീഴിലുള്ള തിരഞ്ഞെടുക്കപ്പെട്ട 27 സ്ഥാപനങ്ങളിലാണ് സൗരോർജ്ജ പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്.

ഭാവിയിലെ വൈദ്യുതി ആവശ്യം നിറവേറ്റുന്നതിനും വൈദ്യുതോർജ്ജം ലാഭിക്കുന്നതിനും കേരളത്തിലെ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ പര്യവേക്ഷണം ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും.

ഊർജ്ജ ഉൽപാദനത്തിനായി അന്തരീക്ഷത്തിലേക്കുള്ള കാർബൺ ബഹിർഗമനം വലിയ അളവിൽ കുറക്കാൻ സാധിക്കുമെന്നതു പദ്ധതിയുടെ പ്രത്യേകതയാണ്. ഏകദേശം രണ്ടു മെഗാവാട്ട് വൈദ്യുതിയാണ് ഇതിലൂടെ ഉത്പാദിപ്പിക്കപ്പെടുന്നത്.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കെഎസ്ഇബി യുടെ റീൽസ് ഡിവിഷനുമായി ചേർന്ന് ഇതുസംബന്ധിച്ചുള്ള സാധ്യതാപഠനം നടത്തിയിരുന്നു. സൗരോർജ്ജോത്പാദനം കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കണമെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.

Top