‘മാസ്റ്റര്‍’ എഫ്ക്റ്റ്; തീയറ്റർ റിലീസിന് തയ്യാറെടുത്ത് കൂടുതൽ തമിഴ് ചിത്രങ്ങൾ

നിരവധി വാദപ്രതിവാദങ്ങൾക്കൊടുവിൽ തിയറ്റർ റിലീസ് ചെയ്യുകയും മികച്ച പ്രദർശന വിജയം നേടുകയും ചെയ്ത ചിത്രമായിരുന്നു വിജയ്- വിജയ് സേതുപതി കൂട്ടുകെട്ടിലെത്തിയ ‘മാസ്റ്റര്‍’. 50 ശതമാനം പ്രവേശനം എന്ന കൊവിഡ് മാനദണ്ഡത്തിനിടയിലും 9 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ 200 കോടി നേടാൻ ചിത്രത്തിന് കഴിഞ്ഞെന്നാണ് റിപ്പോർട്ട്. ‘മാസ്റ്റര്‍’ നേടിയ ഈ വിജയത്തോടെ നിരവധി ചിത്രങ്ങളാണ് ഇപ്പോൾ തിയേറ്റർ റിലീസിനായി തയ്യാറെടുക്കുന്നത്. തമിഴിൽ ഇനി വിശാലിന്‍റെയും കാര്‍ത്തിയുടെയും ചിത്രങ്ങൾ തിയറ്റര്‍ റിലീസ് ആയിരിക്കുമെന്നതാണ് പുതിയ വിവരം.

നേരത്തെ ഒടിടി റിലീസിനെക്കുറിച്ച് ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിശാലിന്‍റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ചക്ര’ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 12ന് ചിത്രം തിയറ്ററുകളിലെത്തും. ബാക്യരാജ് കണ്ണന്‍റെ സംവിധാനത്തില്‍ കാര്‍ത്തി നായകനാവുന്ന ‘സുല്‍ത്താനും’ ഏപ്രില്‍ 12നു തിയറ്ററുകളില്‍ത്തന്നെ റിലീസ് ചെയ്യുമെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. അതേസമയം ബോളിവുഡിൽ അക്ഷയ് കുമാര്‍ നായകനാവുന്ന ഫര്‍ഹാദ് സാംജി ചിത്രം ‘ബച്ചന്‍ പാണ്ഡേ’ ആണ് കൊവിഡിന് ശേഷം തിയറ്ററുകളിലെത്തുന്ന ആദ്യ ചിത്രം. റിപബ്ലിക് ദിനത്തിലാണ് ചിത്രം തിയറ്ററുകളിലെത്തുക.

Top