more states crack down on meat shops

ന്യൂഡല്‍ഹി: അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടുകയെന്ന യു പി സര്‍ക്കാരിന്റെ നടപടി പിന്തുടര്‍ന്നു ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങള്‍ കൂടി രംഗത്ത്.

രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഛത്തീസ്ഗണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് അനധികൃത അറവുശാലകള്‍ പൂട്ടാന്‍ നടപടിയെടുത്തത്. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇത്തരം നടപടികളുമായി മുന്നോട്ടുപോയിരുന്നു. ഹരിദ്വാറില്‍ മൂന്നു അറവുശാലകളും റായ്പൂരില്‍ 11 എണ്ണവും ഇന്‍ഡോറില്‍ ഒരു അനധികൃത അറവുശാലയുമാണ് അടച്ചുപൂട്ടിയത്.

രാജസ്ഥാനിലെ ജയ്പൂരില്‍ പ്രാദേശിക ഭരണകൂടത്തിന്റെ മുന്നറിയിപ്പു പ്രകാരം ഏതാണ്ട് 4,000 അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നുണ്ട്. ഇതില്‍, 950 അറവുശാലകള്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്നതാണ് എന്നാണു വ്യാപാരികളുടെ വാദം. എന്നാല്‍, കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31നു ശേഷം കോര്‍പറേഷന്‍ ഇവര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയില്ലെന്നാണ് ആരോപണം.

ലൈസന്‍സ് ഫീസ് 10 രൂപയില്‍നിന്നു 1,000 രൂപയാക്കി ഉയര്‍ത്തിയെന്നും ഇതിന്റെ ഗസറ്റഡ് ഉത്തരവ് ലഭിച്ചിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. അപേക്ഷകള്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നും ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ന്യൂ ജയ്പൂര്‍ മീറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഉദ്യോഗസ്ഥര്‍ ആറ് അറവുശാലകളില്‍ നടത്തിയ റെയ്ഡില്‍ മൂന്നെണ്ണത്തിനുമാത്രമേ ലൈസന്‍സ് ഉള്ളൂവെന്നു കണ്ടെത്തുകയായിരുന്നു. പ്രദേവാസികളായ ചിലയാളുകളുടെ പരാതിയെ തുടര്‍ന്നാണു നടപടിയെടുത്തത്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച അറവുശാലകള്‍ക്കുനേരെ നടപടിയുണ്ടാകുമെന്നു പൊലീസ് അറിയിച്ചു.

ഛത്തീസ്ഗഡിലെ റായ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ 11 അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. മൂന്നു ദിവസം സമയമാണ് അനുവദിച്ചത്. കടയുടമകള്‍ മാലിന്യം നേരിട്ടു റോഡരികില്‍ ഉപേക്ഷിച്ചു പരിസ്ഥിതി മലിനീകരണം നടത്തുന്നുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ്.

നിയമം തെറ്റിച്ചതിനാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരു അറവുശാല അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചത്. തുറന്നുകിടക്കുന്നതും വൃത്തിഹീനവുമായ രീതിയിലാണ് അറവുശാല പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടാണ് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.

Top