അഫ്രിനു പിന്നാലെ കൂടുതല്‍ പ്രദേശങ്ങള്‍ കീഴടക്കും;ഭീഷണി മുഴക്കി തുര്‍ക്കി ഭരണകൂടം

turky

അങ്കാറ: അതിര്‍ത്തി നഗരമായ അഫ്രിന്‍ തുര്‍ക്കി സൈന്യം പിടിച്ചടക്കിയതു പിന്നാലെ വടക്കുകിഴക്കന്‍ സിറിയയിലെ കൂടുതല്‍ പ്രദേശങ്ങള്‍ ആക്രമിക്കുമെന്ന ഭീഷണിയുമായി തുര്‍ക്കി ഭരണകൂടം.

കുര്‍ദ് സൈനികരുടെ കേന്ദ്രമായ അഫ്രിന്‍ കാര്യമായ ചെറുത്തുനില്‍പ്പുകളൊന്നുമില്ലാതെ തുര്‍ക്കി ഭരണകൂടം പിടിച്ചടക്കിയിരുന്നു. തൊട്ടു പിന്നാലെയാണ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇതോടെ നാറ്റോ അംഗങ്ങളായ അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുങ്ങുകയാണ്. അഫ്രിന് സമീപമുള്ള പ്രദേശങ്ങള്‍ അമേരിക്കന്‍ സൈനികരുടെ സാന്നിധ്യമുള്ള കേന്ദ്രങ്ങളാണ്.

ഭീകരവാദികളുടെ ഇടനാഴി മുഴുവന്‍ ഇല്ലാതാക്കുന്നതുവരെ മന്‍ബിജ്, ഐന്‍ അല്‍ അറബ്, തല്‍ അബ് യദ്, റാസ് അല്‍ ഐന്‍, ഖമിഷ്‌ലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്കെതിരേ സൈനിക നടപടി തുടരുമെന്ന് ഉര്‍ദുഗാന്‍ അറിയിച്ചു. ഇറാഖ് ഭരണകൂടം കുര്‍ദ് സൈനികര്‍ക്കെതിരേ നടപടിയെടുക്കാന്‍ തയ്യാറില്ലെങ്കില്‍ വടക്കന്‍ ഇറാഖും ആക്രമിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അഫ്രിന്‍ സൈനിക നടപടിയില്‍ പെന്റഗണ്‍ വക്താവ് പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് കൂടുതല്‍ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന തുര്‍ക്കിയുടെ മുന്നറിയിപ്പ്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തെ അഫ്രിന്‍ ആക്രമണം ദോഷകരമായി ബാധിക്കുമെന്ന് ഭയപ്പെടുന്നതായി യു എസ് സൈനിക കേണല്‍ റോബ് മാനിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിറിയയിലെ തങ്ങളുടെ സഖ്യകക്ഷിയായ ഫ്രീ സിറിയന്‍ ആര്‍മിയുടെ സഹായത്തോടെയാണ് തുര്‍ക്കി സൈന്യം അഫ്രിന്റെ നിയന്ത്രണം കഴിഞ്ഞ ദിവസം പിടിച്ചത്.Related posts

Back to top