മ്യാൻമാറുമായി കരാർ ഒപ്പിട്ടതിന് ശേഷവും രാജ്യത്ത് റോഹിങ്ക്യകൾ എത്തുന്നു ; ബംഗ്ലാദേശ്

rohingya-1

ധാക്ക : മ്യാൻമറിലെ വംശീയ കലാപം ഭയന്ന് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ ജനതകളെ തിരിച്ചയക്കുന്ന കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിൽ എത്തിയിട്ടും രാജ്യത്ത് റോഹിങ്ക്യന്‍ അഭയാർഥികൾ ഇപ്പോഴും എത്തികൊണ്ടിരിക്കുന്നുവെന്ന് ബംഗ്ലാദേശ്. അടുത്ത ആഴ്ച റോഹിങ്ക്യകളെ തിരിച്ചയക്കുന്ന നടപടികൾ ആരംഭിക്കാനിരിക്കെയാണ് ബംഗ്ലാദേശിന്റെ പുതിയ വെളിപ്പെടുത്തൽ.

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 625,000 റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു. ഇവരെയാണ് ബംഗ്ലാദേശ് മ്യാൻമറിലെയ്ക്ക് തിരികെ അയക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ട ദിവസങ്ങളിലായി നൂറോളം റോഹിങ്ക്യൻ വംശജർ ബംഗ്ലാദേശിൽ എത്തിയിട്ടുണ്ടെന്ന് ബംഗ്ലാദേശ് ഉഖിയ ഉപജില്ലയിലെ ഉന്നത ഉദ്യോഗസ്ഥൻ മുഹമ്മദ് മിക്രൂസ്മാൻ വ്യക്തമാക്കി.

അതേസമയം ഇവർ വീണ്ടും ബംഗ്ലാദേശിലെത്തിയത് എന്തിനാണെന്ന് വ്യക്തമല്ല. എന്നാൽ മ്യാൻമർ പട്ടാളക്കാർ ശമ്പളവും ഭക്ഷണവും ഇല്ലാതെ ജോലി ചെയ്യാൻ ഇവരെ നിർബന്ധിതരാക്കിയതിനാലാണെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

മ്യാന്മാറിന് ആഗോളതലത്തിൽ നിന്ന് നേരിടേണ്ടി വന്ന സമ്മർദം കാരണം നവംബറിൽ റോഹിങ്ക്യകളെ തിരികെ സ്വീകരിക്കുന്നതിന് ബംഗ്ലാദേശുമായി കരാറിൽ ഒപ്പുവെച്ചിരുന്നു. ജനുവരി അവസാനത്തോടെ നടപടികൾ സ്വീകരിക്കുമെന്നാണ് കരാറിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ മ്യാൻമറിലെയ്ക്ക് തിരികെ പോകുന്നതിന് റോഹിങ്ക്യൻ ജനങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

റോഹിങ്ക്യന്‍ ജനതകളെ തിരിച്ചയക്കുന്ന ആദ്യത്തെ ബാച്ചിൽ 100,000 അഭയാര്‍ത്ഥികളെ ഉൾപ്പെടുത്താനാണ് ബംഗ്ലാദേശ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ഇരു രാജ്യങ്ങളും ഇവരുടെ വിവരങ്ങൾ ശേഖരിക്കുകയും , നടപടി ക്രമങ്ങൾ സ്വീകരിച്ചുകൊണ്ടിരിക്കുകയുമാണ്.

Top