സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍ തുറക്കാനൊരുങ്ങി റെയില്‍വേ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍ തുറക്കാനൊരുങ്ങി റെയില്‍വേ. തിരുവനന്തപുരത്ത് എട്ട് റിസര്‍വേഷന്‍ കൗണ്ടറുകള്‍ ആരംഭിക്കും. കൂടുതല്‍ സ്റ്റേഷനുകളില്‍ കൗണ്ടറുകള്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് നിലവില്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍ ആരംഭിച്ചിരിക്കുന്നത്. നിയന്ത്രണങ്ങളോടെയായിരിക്കും ഇവ ആരംഭിക്കുക. തിരുവനന്തപുരത്തെ 10 കൗണ്ടറുകളില്‍ എട്ടെണ്ണം തുറക്കും. തൃശ്ശൂര്‍,ആലുവ, എറണാകുളം ടൗണ്‍, ആലപ്പുഴ , കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം സ്റ്റേഷനുകളില്‍ കൂടി റിസര്‍വേഷന്‍ കൗണ്ടറുകള്‍ ആരംഭിക്കും. ഈ സ്റ്റേഷനുകളില്‍ രാവിലെ 9 മുതല്‍ 5വരെയായിരിക്കും കൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലും എറണാകുളം സൗത്തിലും രാവിലെ 8 മുതല്‍ രാത്രി എട്ട് വരെയാണ് കൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കുക. റീ ഫണ്ടിനുള്ള കാലാവധി ആറ് മാസത്തേക്ക് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. അതിനാല്‍ റീഫണ്ടിനായി ആരും തിരക്കുകൂട്ടി വരേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Top