മുഖ്യമന്ത്രിയ്ക്കും സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം; ഭേദഗതിയില്‍ എതിര്‍പ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയില്‍ എതിര്‍പ്പുമായി മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും കെ. കൃഷ്ണന്‍കുട്ടിയും. മന്ത്രിമാരുടെ അധികാരം ലഘൂകരിക്കുന്നതാണ് ഭേദഗതിയെന്ന പ്രധാനപ്പെട്ട വിമര്‍ശനം ആണ് ഇരുവരും ഉയര്‍ത്തിയത്.

ഭേദഗതിയുമായി ബന്ധപ്പെട്ട കരട് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് മന്ത്രിമാര്‍ എതിര്‍ത്ത് പ്രകടിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ യോഗം നടന്നത്.

റൂള്‍സ് ഓഫ് ഭേദഗതിയില്‍ ഏറ്റവും പ്രധാനപ്പെട്ട മാറ്റം വകുപ്പ് സെക്രട്ടറിമാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നു. നിലവില്‍ പ്രധാനപ്പെട്ടതും അല്ലാത്തതുമായ എല്ലാ ഫയലുകളും വകുപ്പ് മന്ത്രിമാര്‍ കണ്ടതിന് ശേഷം മാത്രമെ തീര്‍പ്പാക്കാന്‍ കഴിയു.

നിലവില്‍ മന്ത്രിമാര്‍ അവധിയിലോ, വിദേശത്തേക്കോ മറ്റോ പോകുമ്പോള്‍ മറ്റര്‍ക്കെങ്കിലും ചുമതല കൊടുക്കണമെങ്കില്‍ അതിനുള്ള അന്തിമ അധികാരം നിലവിലെ റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ച് ഗവര്‍ണര്‍ക്കാണ്. എന്നാല്‍ അത് മാറ്റി മുഖ്യമന്ത്രിക്ക് അത്തരത്തിലുള്ള അധികാരം നല്‍കുന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ഭേദഗതി. ഇത്തരത്തില്‍ മുഖ്യമന്ത്രിയിലേക്കും വകുപ്പ് സെക്രട്ടറിമാരിലേക്കും കൂടുതല്‍ അധികാരം കേന്ദ്രീകരിക്കുന്നു എന്നതാണ് ഈ പുതിയ റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയുമായി ബന്ധപ്പെട്ട് വരുന്ന പ്രധാനപ്പെട്ട വിമര്‍ശനം.

Top