ഈ വര്‍ഷം ഗൂഗിളില്‍ നിന്ന് കൂടുതല്‍ പേര്‍ പുറത്തായേക്കും; സൂചനയുമായി സുന്ദര്‍ പിച്ചൈയുടെ കത്ത്

നുവരി പത്തിന് ശേഷം ഗൂഗിള്‍ കമ്പനിയില്‍ നിന്ന് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതായി സുന്ദര്‍ പിച്ചൈ. ജീവനക്കാര്‍ക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷം വലിയ പദ്ധതികളും നിക്ഷേപങ്ങളുമാണ് ആസൂത്രണം ചെയ്യുന്നതെന്നറിയിച്ച പിച്ചൈ കമ്പനിയില്‍ കൂടുതല്‍ പേരെ പുറത്താക്കിയേക്കും എന്ന സൂചന നല്‍കി.

ഈ നിക്ഷേപങ്ങള്‍ക്കായി വിഭവങ്ങള്‍ സ്വതന്ത്രമാക്കുന്നതിന് കഠിനമായ തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടിവരുന്നതിനെ കുറിച്ച് അദ്ദേഹം കത്തില്‍ പറയുന്നു. ആ തിരഞ്ഞെടുപ്പുകള്‍ വിവിധ മേഖലകളിലെ പിരിച്ചുവിടലിലേക്കും മാറ്റങ്ങളിലേക്കും നയിച്ചുവെന്നറിയാം. എന്നാല്‍ ആ മാറ്റങ്ങള്‍ കഴിഞ്ഞ വര്‍ഷം നടത്തിയ 12,000 ജോലി വെട്ടിക്കുറച്ചതുപോലെ വിപുലമാകില്ലെന്ന് അദ്ദേഹം ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കി. വലിയ ലക്ഷ്യങ്ങളാണ് നമുക്കുള്ളത്. വലിയ മുന്‍ഗണന നല്‍കുന്നവയില്‍ ഈ വര്‍ഷം നിക്ഷേപം നടത്തും. ആ നിക്ഷേപങ്ങള്‍ക്കുള്ള ശേഷി നേടിയെടുക്കേണ്ടതുണ്ട്. അതിന് നമുക്ക് കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവരും.

നിലവിലെ പിരിച്ചുവിടലുകളിലൂടെ കാര്യങ്ങള്‍ കൂടുതല്‍ ലളിതമാവുകയും ചില മേഖലയിലെ അനാവശ്യ പാളികളെ ഒഴിവാക്കി വേഗത്തില്‍ പുരോഗതിനേടാനാവുകയും ചെയ്യുമെന്നും പിച്ചൈ പറയുന്നു. എല്ലാ ടീമിനേയും ഇത് ബാധിക്കില്ലെങ്കിലും സഹപ്രവര്‍ത്തകരും ടീമുകളും ഈ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നത് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ട് തന്നെയാണെന്ന് അദ്ദേഹം സമ്മതിച്ചു. ഗൂഗിളിന്റെ ഈ നടപടികളോട് ജീവനക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്നും അവരുടെ ആശങ്ക ദൂരീകരിക്കാന്‍ എന്തെല്ലാം നടപടികള്‍ കമ്പനി കൈക്കൊള്ളുമെന്നും വ്യക്തമല്ല.

ഏതെല്ലാം വിഭാഗങ്ങളെയാണ് പിരിച്ചുവിടല്‍ കാര്യമായി ബാധിച്ചതെന്ന് കത്തില്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍ കമ്പനി ആസൂത്രണം ചെയ്യുന്ന നിക്ഷേപങ്ങള്‍ക്കായി നിലവിലുള്ള വിഭവങ്ങള്‍ പ്രയോജമ്പപെടുത്താനും അതിനുള്ള മാറ്റങ്ങള്‍ കൊണ്ടുവരാനുമാണ് കമ്പനിയുടെ പദ്ധതിയെന്ന് കത്തില്‍ വ്യക്തമാണ്. അതിനാല്‍ ഈ വര്‍ഷത്തിലുടനീളം കൂടുതല്‍ പേര്‍ ഗൂഗിളില്‍ നിന്ന് പുറത്ത് പോയേക്കും.

Top