കൂടുതല്‍ ഓക്‌സിജന്‍ ലഭ്യമാക്കണം; വിതരണക്കാര്‍ക്ക് കത്തയച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. ദിവസേന അനുവദിച്ച 490 മെട്രിക് ടണ്‍ ഓക്‌സിജന്‍ 976 മെട്രിക് ടണ്‍ ആയി ഉയര്‍ത്തണമെന്നാണ് കത്തിലെ ആവശ്യം. അതേസമയം, ഓക്‌സിജന്‍ വിതരണക്കാര്‍ക്ക് ദില്ലി ഹൈക്കോടതി ഇന്ന് നോട്ടീസ് അയച്ചു. നാളെ കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ദില്ലിയിലെ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന ഓക്‌സിജന്‍ സംബന്ധിച്ച വിവരം ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ചുമതലയാണ്. ഓക്‌സിജന്‍ ക്ഷാമം ഉള്ളതിനാല്‍ ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. എന്തുകൊണ്ടാണ് ആവശ്യമുള്ളതിനേക്കാള്‍ കുറവ് ഓക്‌സിജന്‍ ദില്ലിക്ക് അനുവദിച്ചിരിക്കുന്നതെന്ന് കോടതി ചോദിച്ചു.

അനുവദിച്ചതിനേക്കാള്‍ ഇരുപത്തിയഞ്ച് ശതമാനം കൂടുതല്‍ ഓക്‌സിജന്‍ മധ്യപ്രദേശിന് നല്‍കിയപ്പോള്‍ 480 മെട്രിക് ടണ്‍ മാത്രമാണ് ദില്ലിക്ക് നല്‍കിയതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. എന്നാല്‍, ഓക്‌സിജന്‍ അനുവദിക്കുന്നത് നടന്നുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

 

Top