പ്രണബിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ . . സംഘപരിവാര്‍ പാളയത്തിലേക്കെന്ന് സൂചന !

Sangh Parivar,Pranab Mukherjee

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്ഗെവാറിനെ വീരപുത്രനെന്ന് വിശേഷിപ്പിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പാത പിന്‍തുടരാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ?

രാജ്യത്തെ തലമുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളില്‍ ഏറ്റവും പ്രഗത്ഭനായിരുന്ന പ്രണബ് മുഖര്‍ജിക്ക് ആര്‍.എസ്.എസ് ആസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുത്ത് സ്ഥാപകനെ വാഴ്ത്താമെങ്കില്‍ എന്തിന് മടിച്ചു നില്‍ക്കണം എന്ന ചിന്ത മുതിര്‍ന്ന ചില നേതാക്കളില്‍ ഉണ്ടെന്നാണ് സൂചന.

ഈ ‘മനംമാറ്റ’മറിഞ്ഞ ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വം തന്ത്രപരമായ ഇടപെടല്‍ നടത്തിവരുന്നതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യപ്രദേശില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള തലമുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ടാണ് നീക്കം. പരിവാര്‍ സംഘടനകളുടെ പരുപാടികളില്‍ ഇവരെ പങ്കെടുപ്പിക്കും.

ലോക് സഭ തെരെഞ്ഞെടുപ്പിന് മുന്‍പ് ഒരു വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചുവട് മാറുവാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സി.പി.എം ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളിലെ ജനകീയ നേതാക്കളെ ലക്ഷ്യമിട്ട് സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശനത്തോടെ വേഗത കൈവന്നതായാണ് ദേശീയ മാധ്യമം ചൂണ്ടിക്കാണിക്കുന്നത്.

ഇതില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കു പുറമെ ബി.എസ്.പി, എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ്സ്, ആര്‍.ജെ.ഡി നേതാക്കളും പെടും.

2019-ലെ ലോക്സഭ തെരെഞ്ഞെടുപ്പില്‍ പ്രതിപക്ഷ മഹാസഖ്യം രൂപപ്പെടുന്നത് പൊളിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് തന്ത്രപ്രധാനമായ ഈ നീക്കം.

Sangh Parivar,Pranab Mukherjee

ആര്‍.എസ്.എസ് – ബി.ജെ.പി വിഭാഗങ്ങള്‍ അകറ്റി നിര്‍ത്തപ്പെടേണ്ടവരാണെന്ന പ്രചരണത്തിനെതിരെ പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശനം ദേശീയ തലത്തില്‍ തന്നെ ബി.ജെ.പി ഇപ്പോള്‍ പ്രധാന ആയുധമാക്കുന്നുണ്ട്.

ഇതു സംബന്ധമായ ചാനല്‍ ചര്‍ച്ചകളിലെല്ലാം ‘തൊട്ടുകൂടായ്മ’ക്ക് പ്രസക്തി ഇല്ലന്ന് തെളിഞ്ഞില്ലേ, എന്നാണ് സംഘ പരിവാര്‍- ബി.ജെ.പി നേതാക്കള്‍ ചോദിച്ചത്.

ബി.ജെ.പി രാഷ്ട്രീയപരമായി വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ സംഘപരിവാര്‍ നടത്തിയ ഏറ്റവും ‘തന്ത്രപരമായ’ നീക്കമായാണ് പ്രണബ് മുഖര്‍ജിയുടെ ആര്‍.എസ്.എസ് ആസ്ഥാനത്തെ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

ബി.ജെ.പിയുടെ പരിപാടിയും നയങ്ങളും തീരുമാനിക്കുന്ന ആര്‍.എസ്.എസിനെ സംബന്ധിച്ച് നരേന്ദ്ര മോദിയുടെ രണ്ടാം ഊഴം അനിവാര്യമാണ്.

തുടര്‍ച്ചയായി ഭരണം നടത്തുന്ന സംസ്ഥാനങ്ങളായതിനാല്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ഭരണവിരുദ്ധ വികാരം ഉണ്ടാകാനുള്ള സാധ്യത ആര്‍.എസ്.എസ് നേതൃത്വം മുന്‍കൂട്ടി കാണുന്നുണ്ട്.

യു.പിയില്‍ ബി.എസ്.പിയും എസ്.പിയും യോജിച്ച് മത്സരിക്കുന്നതും ബീഹാറിലെ കോണ്‍ഗ്രസ്സ് – ആര്‍.ജെ.ഡി സഖ്യവുമെല്ലാം വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ ‘ ഭിന്നിപ്പിച്ച് ‘മത്സരിക്കുക എന്നതാണ് കാവിപ്പടയുടെ പുതിയ തന്ത്രം.

ഈ സംസ്ഥാനങ്ങള്‍ ടാര്‍ഗറ്റ് ചെയ്ത് പ്രവര്‍ത്തിക്കാന്‍ സ്വയം സേവകര്‍ക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും ആര്‍.എസ്.എസ് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Sangh Parivar,Pranab Mukherjee

ശിവസേന ഇല്ലങ്കിലും മഹാരാഷ്ട്രയില്‍ വിജയിക്കുമെന്ന് കാണിച്ച് കൊടുത്തെങ്കിലും ഹൈന്ദവ പാര്‍ട്ടിയായ ശിവസേനയെ കൂടി ഉള്‍പ്പെടുത്തി മുന്നണിയായി മത്സരിക്കണമെന്ന നിലപാടാണ് ആര്‍.എസ്.എസിനുള്ളത്.

അതേ സമയം ആന്ധ്രയിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്, ശരദ് പവാറിന്റെ എന്‍.സി.പി, തമിഴകത്ത് രജനീകാന്തിന്റെ പുതിയ പാര്‍ട്ടി എന്നിവ നേട്ടം കൊയ്താലും ലോക്സഭയില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്.

മുന്‍പ് ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രിയായ ചരിത്രമുള്ള ജനതാദള്‍ (എസ്) നേതാവും കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ കുമാരസ്വാമി പോലും ബി.ജെ.പി കേന്ദ്രത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍ പിന്തുണച്ച് രംഗത്ത് വരുമെന്ന കാര്യത്തിലും ആര്‍.എസ്.എസ് നേതൃത്വത്തിന് ആത്മവിശ്വാസമുണ്ട്.

അനിവാര്യമായ ഘട്ടങ്ങളില്‍ ലഭിക്കാന്‍ ഇടയുള്ള ഈ ‘സഹായങ്ങള്‍’ മുന്‍കൂട്ടി കണ്ട് തെരെഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാനാണ് ബി.ജെ.പിക്ക് ആര്‍.എസ്.എസ് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ സംഘപരിവാര്‍ സംഘടനകളുടെ വിപുലമായ സംയുക്ത യോഗം നാഗ് പൂരില്‍ വിളിച്ചു ചേര്‍ക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ടി.അരുണ്‍ കുമാര്‍

Top