കൊറോണ വ്യാപിക്കുന്നു; കൂടുതല്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ തുറന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് രോഗബാധിതര്‍ വര്‍ധിച്ചത്തോടെ അടുത്ത ഘട്ടം മുന്നില്‍കണ്ട് കൂടുതല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കൂടുതല്‍ പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി ഇരുന്നൂറോളം കേന്ദ്രങ്ങള്‍ തയ്യാറാക്കിയിരിക്കുകയാണ്. തദ്ദേശ ഭരണസ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചേര്‍ന്നാണ് നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, ഹോസ്റ്റലുകള്‍, സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ എല്ലാം ക്വാറന്റൈന്‍ കേന്ദ്രങ്ങളായി മാറുകയാണ്. പതിനായിരത്തോളം പേരെ പാര്‍പ്പിക്കാനാകുന്ന തരത്തിലാണ് സജ്ജീകരണങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിനാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ നിയന്ത്രണചുമതല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സൗകര്യങ്ങള്‍ ഒരുക്കണം. അവശ്യഘട്ടമുണ്ടായാല്‍ സൈനിക ബാരക്കുകള്‍ നിരീക്ഷണകേന്ദ്രങ്ങളാക്കാമെന്ന് സേനാ മേധാവികള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നു.

നിരീക്ഷണകേന്ദ്രങ്ങള്‍ തടവറയാണെന്ന് ആരും കരുതരുത്. വ്യക്തികളുടേയും സമൂഹത്തിന്റെയും സുരക്ഷ പരിഗണിച്ചുള്ള മുന്നൊരുക്കങ്ങളാണിത്. സര്‍ക്കാറിന്റെ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ ആകെ മൊത്തം 52 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 12 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചിരുന്നു. മൂന്ന് പേര്‍ കണ്ണൂര്‍ ജില്ലയിലും ആറ് പേര്‍ കാസര്‍കോട് ജില്ലയിലും മൂന്ന് പേര്‍ എറണാകുളം ജില്ലയിലുമാണ്. സംസ്ഥാനത്ത് ആകെ 53,013 പേര്‍ നിരീക്ഷണത്തിലുണ്ട്. 52,785 പേര്‍ വീടുകളിലും 228 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.

Top