ശ്രീലങ്കയിലെ സ്ഫോടനം: സൗദിയില്‍ പിടിയിലായവര്‍ക്ക് മലയാളികളുമായി ബന്ധം!

തിരുവനന്തപുരം: സൗദി അറേബ്യയില്‍ നിന്ന് ശ്രീലങ്കയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേര്‍ക്ക് മലയാളി ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിന്റെ ബന്ധു മൗലാനാ റിള, സുഹൃത്ത് ഷഹ്നാഹ് നാവിജ് എന്നിവരാണ് കഴിഞ്ഞ ദിവസം സൗദിയില്‍ പിടിയിലായത്. ഇവര്‍ക്ക് കാസര്‍കോട്ടെ ഐസിസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് വലിയ പങ്കുണ്ടെന്നാണ് വിവരം.

അതേസമയം, ഐസിസ് റിക്രൂട്ട്‌മെന്റ് കേസില്‍ മൂന്ന് മലയാളികളെക്കൂടി എന്‍.ഐ.എ പ്രതിചേര്‍ത്തു. ഖത്തറില്‍ കഴിയുന്ന കൊല്ലം കരുനാഗപ്പള്ളി ചങ്ങന്‍കുളങ്ങര അനസ് ഫ്‌ളോര്‍ മില്ലിനു സമീപം വക്കേത്തറയില്‍ അബു മര്‍വാന്‍ അല്‍ ഹിന്ദി എന്നറിയപ്പെടുന്ന മുഹമ്മദ് ഫൈസല്‍ (29), കാസര്‍കോട് കളിയങ്ങാട് പള്ളിക്കല്‍ മന്‍സിലില്‍ അബു ഈസ എന്ന പി.എ. അബൂബക്കര്‍ സിദ്ദിഖ് (28), കാസര്‍കോട് എരുത്തുംകടവ് വിദ്യാനഗര്‍ സിനാന്‍ മന്‍സിലില്‍ അഹമ്മദ് അറാഫത്ത് എന്നിവരെയാണ് പ്രതി ചേര്‍ത്തത്.

കേരളത്തില്‍ ഏത് വിധേനയും ആക്രമണം നടത്താന്‍ നിരവധി ചാവേറുകള്‍ തയ്യാറാണെന്നും ദേശീയ അന്വേഷണ ഏജന്‍സി പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കാസര്‍കോട് നിന്ന് സിറിയയിലേക്ക് കടന്ന മലയാളികളുടെ നേതൃത്വത്തില്‍ കൂടുതല്‍ മലയാളികളെ ഐസിസില്‍ ചേര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേരളത്തില്‍ തൃശൂര്‍ പൂരം അടക്കമുള്ള പരിപാടികളും കൊച്ചി നഗരവുമാണ് ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Top