സംസ്ഥാനത്ത് ഇടുക്കിയടക്കം കൂടുതല്‍ അണക്കെട്ടുകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ അണക്കെട്ടുകള്‍ തുറക്കും. എന്നാല്‍ ജനം പരിഭ്രാന്തരാകേണ്ട സ്ഥിതിയില്ല. ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. രാവിലെ 11 മണിക്കാണിത്. റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പമ്പ അണക്കെട്ടും ഇടമലയാര്‍ അണക്കെട്ടും ഇതിനോടകം തുറന്നു.

നദികളുടെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ആശങ്ക വേണ്ടെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇടുക്കി ഡാം വീണ്ടും തുറക്കുന്നത്. പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദ്ദേശമുണ്ട്. ഇടുക്കി അണക്കെട്ട് തുറന്നാല്‍ വെള്ളം ആദ്യമെത്തുക ചെറുതോണി ടൗണിലാണ്. കഴിഞ്ഞ തവണത്തെ അത്ര ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ പറഞ്ഞു.

പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. 25 മുതല്‍ 50 ക്യൂമെക്‌സ് വെള്ളം വരെ പമ്പയിലേക്ക് ഒഴുകിയെത്തും. എന്നാല്‍ പുഴയിലെ ജലനിരപ്പ് പത്ത് സെന്റിമീറ്ററില്‍ അധികം ഉയരാതെ നിലനിര്‍ത്താനാണ് ശ്രമം. വീടുകളില്‍ വെള്ളം കയറാതിരിക്കാന്‍ പരമാവധി മുന്‍കരുതലെടുത്താണ് വെള്ളം തുറന്നുവിടുന്നത്.

Top