ഇന്നുമുതല്‍ അഞ്ചുദിവസത്തേക്ക് സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ ബുധനാഴ്ചവരെ കടുത്ത നിയന്ത്രണം. പരിശോധന കര്‍ശനമാക്കുമെന്ന് കേരള പൊലിസ് അറിയിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി പ്രവര്‍ത്താനാനുമതി നല്‍കിയ ആവശ്യ വിഭാഗങ്ങള്‍ ഒഴികെ വിപണിന സ്ഥാപനങ്ങള്‍ ഇന്നു മുതല്‍ ഒമ്പതു വരെ പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 7.30 വരെയാണ് പ്രവര്‍ത്തനാനുമതിയുള്ളത്.

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിക്കാവൂ. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുവേണം ഇവ പ്രവര്‍ത്തിക്കേണ്ടത്. സര്‍ക്കാര്‍ അനുവദിച്ച സമയക്രമവും പാലിക്കണം.

സര്‍ക്കാര്‍ അനുവദിച്ച അവശ്യസര്‍വിസ് വിഭാഗങ്ങളിലുള്ളവര്‍ ജോലി സ്ഥലത്തേക്കും തിരികെയും നിശ്ചിത സമയങ്ങളില്‍ മാത്രം യാത്രചെയ്യണം. ഇവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡും മേലധികാരിയുടെ സര്‍ട്ടിഫിക്കറ്റും കരുതണം.

ശുചീകരണ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ അനുമതിയുണ്ട്. അവശ്യ സര്‍വീസ് അല്ലാത്ത തുണിക്കടകള്‍, ജ്വല്ലറികള്‍, ചെരിപ്പ് കടകള്‍ തുടങ്ങിയവയ്‌ക്കൊന്നും ബുധനാഴ്ച വരെ തുറക്കാന്‍ അനുമതിയുണ്ടാവില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ മാത്രം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി. ഹ്രസ്വദൂര യാത്രയ്ക്ക് സത്യവാങ്മൂലവും ജില്ല വിട്ടുളള യാത്രയ്ക്ക് പൊലീസ് പാസും നിര്‍ബന്ധമാണ്. പ്രഭാതസായാഹ്ന നടത്തം, മൊബൈല്‍ക്കടകളുടെ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞ ദിവസങ്ങളില്‍ അനുവദിച്ച ഇളവുകളെല്ലാം പിന്‍വലിച്ചിട്ടുണ്ട്.

Top