ചലച്ചിത്ര മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും; നേരിട്ടുള്ള ഇടപെടല്‍ സാധ്യമാക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സിനിമ രംഗത്ത് നിക്ഷേപം നടത്തുന്നവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് നടപടിയുമായി സര്‍ക്കാര്‍. സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി കരടു സിനിമാ നയം തയാറാക്കും. സിനിമാ മേഖലയില്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍ സാധ്യമാക്കുന്ന തരത്തിലാണ് നിയമാവലി തയാറാകുന്നത്. സിനിമയില്‍ സൗഹാര്‍ദപരമായ സാന്നിധ്യം ഉറപ്പു വരുത്തുന്നതിനൊപ്പം ചലച്ചിത്ര മേഖലയ്ക്കായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനും സര്‍ക്കാര്‍ തയാറാകും.

കേരളത്തെ തെക്കേ ഇന്ത്യയിലെ പ്രധാന ‘ഷൂട്ടിങ് ഡെസ്റ്റിനേഷന്‍’ ആക്കി മാറ്റാനും ഈ മേഖലയില്‍ സംസ്ഥാനത്തേക്കു കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും പദ്ധതികള്‍ കൊണ്ടുവരും. ചലച്ചിത്ര നിര്‍മാണ മേഖലയ്ക്കുള്ള സര്‍ക്കാരിന്റെ സഹായ പദ്ധതികളിലും വന്‍ അഴിച്ചുപണി പ്രതീക്ഷിക്കുന്നു.

സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് നിര്‍മാതാവ് ചെലവഴിക്കുന്ന പണം എത്രത്തോളം സംസ്ഥാനത്തിന് ഗുണകരമാകുന്നു എന്നതു കണക്കാക്കി ചലച്ചിത്ര വ്യവസായികള്‍ക്കും നിര്‍മാതാക്കള്‍ക്കും കമ്പനികള്‍ക്കും പ്രത്യേക ഇളവുകളും റിബേറ്റുകളും നല്‍കുന്ന രീതി മറ്റു സംസ്ഥാനങ്ങളിലുണ്ട്.

ആ മാതൃകയില്‍ സാമ്പത്തിക ഇളവുകള്‍ നല്‍കുന്നതും കേരളത്തിന്റെ പരിഗണനയിലുണ്ട്. ദേശീയ- രാജ്യാന്തര തലത്തില്‍ പുരസ്‌കാരങ്ങള്‍ നേടുന്ന സിനിമകള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും സബ്‌സിഡിയും സാമ്പത്തിക സഹായവും വര്‍ധിപ്പിക്കും.

സര്‍ക്കാര്‍ നിയന്ത്രിത ഇടങ്ങളിലെ ചിത്രീകരണത്തിന് വിവിധ ഓഫിസുകളെയും ഉദ്യോഗസ്ഥരെയും സമീപിക്കുന്ന രീതി മാറ്റി ഒറ്റ കേന്ദ്രത്തില്‍ നിന്ന് മുഴുവന്‍ അനുമതിയും ലഭ്യമാക്കുന്ന സംവിധാനവും വരും. ടൂറിസം സര്‍ക്യൂട്ടുകളിലും സര്‍ക്കാര്‍ മന്ദിരങ്ങളിലും ചിത്രീകരണത്തിന് പ്രത്യേക ഇളവുകളുണ്ടാകും.

Top