ഡാലസ് : അമേരിക്കയിലെ വടക്കന്‍ ടെക്‌സസില്‍ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ നാലുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റിനു സാധ്യതയെന്ന് പൊലീസ്.
ഷെറിന്റെ മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് നേരത്തെ തെരച്ചില്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ ആ സമയത്തൊന്നും മൃതദേഹം കണ്ടില്ലെന്നും റിച്ചാര്‍ഡ്‌സണ്‍ പൊലീസ് വക്താവ് കെവിന്‍ പെര്‍ലിച്ച് മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്ച കനത്ത മഴ പെയ്തിരുന്നു. ഞായറാഴ്ച പൊലീസ് നായകളുമായി വീണ്ടും തെരച്ചില്‍ പുനഃരാംരംഭിച്ചപ്പോഴാണ് പൈപ്പിനകത്ത് മൃതദേഹം കണ്ടത്. നന്നായി വസ്ത്രധാരണം ചെയ്തിരുന്ന നിലയിലായിരുനു മൃതദേഹമെന്നും പെര്‍ലിച്ച് പറഞ്ഞു.
കുട്ടിയെ ബലമായി പാല്‍ കുടിപ്പിക്കുകയായിരുന്നുവെന്ന് വെസ്ലി പൊലീസിന് മൊഴി നല്‍കിയിരുന്നു. അങ്ങനെ കുടിപ്പിച്ച സമയത്ത് കുട്ടി ചുമക്കുകയും ശ്വാസ തടസം നേരിട്ടുവെന്നും, പിന്നീട് നാഡിമിടിപ്പ് നിലച്ചുവെന്നും വെസ്ലിയുടെ മൊഴിയില്‍ പറയുന്നു.
കുട്ടി മരിച്ചെന്നു കരുതി ജഡം വീട്ടില്‍ നിന്ന് മാറ്റി എന്നാണ് മൊഴി. എന്നാല്‍ എങ്ങോട്ട് മാറ്റി, ജഡം എന്തു ചെയ്തു എന്ന് വെസ്ലി വെളിപ്പെടുത്തിയിട്ടില്ല. ഒക്ടോബര്‍ 7 മുതല്‍ 23 വരെ മൃതദേഹം പൈപ്പിനകത്തുണ്ടായിരുന്നു എന്ന് പൊലീസ് വിശ്വസിക്കുന്നില്ല. ജഡം ഒളിപ്പിക്കാന്‍ വെസ്ലിയെ സഹായിച്ചത് ആരാണെന്നതും പൊലീസ് അന്വേഷിച്ചു വരികയാണ്.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ വെസ്ലിയുടെ ഭാര്യ സിനി ഉറക്കമായിരുന്നു എന്ന പ്രസ്താവനയും പൊലീസ് മുഖവിലക്കെടുത്തിട്ടില്ല.
കുട്ടിയെ അപായപ്പെടുത്തിയ അന്നു മുതല്‍ ഇതുവരെ സിനി പൊലീസുമായി സഹകരിച്ചിട്ടില്ല. കൂടാതെ അമേരിക്കയിലെ അറിയപ്പെടുന്ന പ്രശസ്തനായ ക്രിമിനല്‍ അഭിഭാഷകന്‍ കെന്‍ സ്റ്റാറിനെ സിനി വക്കാലത്ത് ഏല്‍പ്പിക്കുകയും ചെയ്തു.
ഞായറാഴ്ച കണ്ടെടുത്ത മൃതദേഹം ഷെറിന്റേതു തന്നെയാണെന്ന് മെഡിക്കല്‍ എക്‌സാമിനര്‍ സ്ഥിരീകരിച്ചിരുന്നു. കൂടാതെ മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രം ഷെറിന്റേതാണെന്ന് സിനി തിരിച്ചറിഞ്ഞു.
കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് റിച്ചാര്‍ഡ്‌സണ്‍ പൊലീസ് അറിയിച്ചതിനു ശേഷം സിനിയുടെ അഭിഭാഷകന്‍ കെന്‍ സ്റ്റാര്‍ കേസില്‍ നിന്ന് പിന്മാറി. വെസ്ലി മാത്യൂസിനെ സിറ്റി ജയിലിലാണ് അടച്ചിരിക്കുന്നത്. ഇയാളെ ഉടന്‍ ഡാളസ് കൗണ്ടി ജയിലിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു.