മോറട്ടോറിയം നീട്ടണം ; ആര്‍ബിഐ ഗവര്‍ണറുമായി മന്ത്രി ജൂലൈ 10ന് കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: കാര്‍ഷികവായ്പകള്‍ക്കും കര്‍ഷകരുടെ ഇതര വായ്പകള്‍ക്കുമുള്ള മോറട്ടോറിയം നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി ചര്‍ച്ച നടത്തും. ആര്‍ബിഐ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് മന്ത്രിക്ക് അനുമതി ലഭിച്ചു. ജൂലൈ 10 ന് ഉച്ചയ്ക്ക് 12 നാണ് സുനില്‍കുമാര്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി ചര്‍ച്ച നടത്തുക.

പ്രശ്‌നത്തിന്റെ ഗൗരവം റിസര്‍വ് ബാങ്കിനെ ബോധ്യപ്പെടുത്തുന്നതിനാണ് കൃഷിമന്ത്രി തന്നെ നേരിട്ട് ആര്‍.ബി.ഐ ഗവര്‍ണറെ കാണുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി.കെ.സിങ് ഇതിനായി ആര്‍ബിഐ ഗവര്‍ണര്‍ക്ക് കത്തുനല്‍കിയിരുന്നു. അടുത്തയാഴ്ച കാണാന്‍ സാധിക്കുമെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ ഓഫിസ് അറിയിച്ചത്.

നേരത്തെ, കേരളത്തിലെ കര്‍ഷക വായ്പകള്‍ക്ക് മോറട്ടോറിയം നീട്ടാനാകില്ലെന്ന ആര്‍ബിഐ തീരുമാനം ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച മുഖ്യമന്ത്രി സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം വിളിച്ചുകൂട്ടിയിരുന്നു. കര്‍ഷകരെ കടക്കെണിയിലാക്കുന്ന നടപടിയിലേക്ക് തള്ളിവിടാന്‍ ഒരുക്കമെല്ലെന്ന് യോഗത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Top