സർക്കാരിനു തിരിച്ചടി ; മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തള്ളി

തിരുവനന്തപുരം: ജപ്തി നടപടികൾക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി ഡിസംബർ 31 വരെ നീട്ടുന്നതിനുള്ള മന്ത്രിസഭാ തീരുമാനം സംബന്ധിച്ച ഫയൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ മടക്കി. ചീഫ് സെക്രട്ടറിക്കാണ് ഫയല്‍ തിരിച്ചയച്ചത്.

ഉത്തരവ് അടിയന്തരമായി ഇറക്കേണ്ട സാഹചര്യവും കാരണവും വിശദമാക്കണമെന്ന് ടിക്കാറാം മീണ ആവശ്യപ്പെട്ടു. മന്ത്രിസഭ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് സമയബന്ധിതമായി ഉത്തരവിറക്കിയില്ലെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ചോദിച്ചു. ഇക്കാര്യങ്ങള്‍ വിശദമാക്കിയാല്‍‌ മാത്രം തുടര്‍നടപടിയെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

സംസ്ഥാനത്ത് കര്‍ഷകര്‍ക്കെതിരെ ബാങ്കുകള്‍ നടപടി ആരംഭിക്കുകയും കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തലാണ് കാര്‍ഷിക വായപ്കള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മാര്‍ച്ച് അ‍ഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

എന്നാല്‍ മൊറട്ടോറിയം പ്രഖ്യാപിച്ച മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങും മുന്‍പേ രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ കുടുങ്ങി ഉത്തരവ് നടപ്പാക്കാന്‍ സാധിക്കാതെ വന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ ഉത്തരവ് ഇറക്കാന്‍ വൈകിയതിന് ശകാരിച്ചിരുന്നു.

Top