ചിത്രം മാസ്റ്റര്‍ ക്ലാസ്സ്, നിവിന്റെ പ്രകടനം അസാധ്യം;ടോറന്റോ രാജ്യാന്തര ഫെസ്റ്റിവലില്‍ തിളങ്ങി മൂത്തോന്‍

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന് ടോറന്റോ രാജ്യാന്തര ഫെസ്റ്റിവല്ലില്‍ മികച്ച പ്രതികരണം. സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ ആണ് ടൊറന്റോയില്‍ വച്ചു നടന്നത്. ടൊറന്റോയില്‍ സ്‌പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രം മാസ്റ്റര്‍ ക്ലാസാണെന്നും നിവിന്റെ പ്രകടനം അസാധ്യമാണെന്നുമാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.

ഓസ്‌കാര്‍ അവാര്‍ഡുകളില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി നേടിയ ‘ലയേഴ്സ് ഡയസിനു’ ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍.

ഗീതു മോഹന്‍ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവിയാണ്. ലക്ഷദ്വീപില്‍ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് മുംബൈയില്‍ പോകുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രം ഹിന്ദിയിലും മലയാളത്തിലുമായാണ് ഗീതു മോഹന്‍ദാസ് ഒരുക്കുന്നത്.

ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. അനുരാഗ് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളുമാണ്.മുംബൈയിലെ കാമാത്തിപുര, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

Top