‘മൂത്തോൻ’ സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശം, വിവാദമോ ലക്ഷ്യം ?

ണം കൊടുത്താല്‍ ഏത് തല്ലിപ്പൊളി പടത്തിനും അനുകൂലമായി റിവ്യൂ എഴുതുന്ന ഒരു വിഭാഗമുണ്ട് നമ്മുടെ നാട്ടില്‍. സോഷ്യല്‍ മീഡിയയുടെ ഈ പുതിയ കാലത്താകട്ടെ മൊഴിയുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്.

കോടികള്‍ മുടക്കി സിനിമ തയ്യാറാക്കുന്നവര്‍ക്കറിയാം പടം പൊട്ടയാണങ്കെിലും മുതല്‍ മുടക്ക് എങ്ങിനെ തിരിച്ച് പിടിക്കണമെന്ന്. അതിനായാണ് ഇത്തരക്കാര്‍ പണമെറിഞ്ഞ് അനുകുല റിവ്യൂകള്‍ പടച്ച്‌വിടുവിക്കുന്നത്. വിലയിരുത്തലുകള്‍കണ്ട് സിനിമയ്ക്ക് കയറുന്നവരാണ് ഇവിടെ വിഢികളാക്കപ്പെടുന്നത്.

ഇക്കാര്യങ്ങള്‍ ഇവിടെ ആമുഖമായി സൂചിപ്പിച്ചത് ഒരു വിമര്‍ശനം തുറന്ന് തന്നെ നടത്തുന്നതിനു വേണ്ടിയാണ്.

മൂത്തോന്‍ എന്ന സിനിമയെ കുറിച്ചാണ് പറയാനുള്ളത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കുടുംബ സമ്മേതം കാണാന്‍ കൊള്ളാത്ത സിനിമയാണിത്.

സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുക മാത്രമല്ല, സമൂഹത്തെ തന്നെ വെറുത്തു പോകുന്ന മാനസികാവസ്ഥയാണ് ആ സിനിമ സൃഷ്ടിക്കുന്നത്. ഒരു കൊച്ചു പെണ്‍കുട്ടിയെ സെക്സ് റാക്കറ്റിന്റെ ഭാഗമാക്കി ചിത്രീകരിക്കുന്നത് വഴി സംവിധായിക എന്താണ് ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമല്ല. ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ച് തകര്‍ത്ത സംവിധായികയുടെ മനസ്സ് ഒരു ബാലികയെ മുന്‍ നിര്‍ത്തി പ്രതിഫലിപ്പിക്കരുതായിരുന്നു.

വേണ്ടത്ര തയ്യാറെടുപ്പ് നടത്താതെയാണ് മൂത്തോനെ ഗീതു സംവിധാനം ചെയ്തിരിക്കുന്നത്. ആ അവ്യക്തത സ്റ്റോറിയില്‍ തന്നെ പലയിടത്തും വ്യക്തവുമാണ്. ഭര്‍ത്താവ് മികച്ച ക്യാമറാമാനായതിനാല്‍ ദൃശ്യങ്ങളില്‍ മാത്രമാണ് ഒരു പരിധിവരെ പിടിച്ച് നില്‍ക്കാനായിട്ടുള്ളത്.

മൂത്ത സഹോദരനെ തേടിയുള്ള മുല്ലയുടെ യാത്രയാണ് ‘മൂത്തോനെ’ മുന്നോട്ട് നയിക്കുന്നത്. ലക്ഷദ്വീപ് എന്ന സുന്ദര നാട്ടില്‍ നിന്നാണ് കഥയുടെ തുടക്കം. ലിംഗദേദത്തിലും ലൈംഗികതയിലും കൈവയ്ക്കുമ്പോള്‍ അതിന് ഒരു സമുദായത്തിന്റെ കളര്‍ നല്‍കിയതും അരോചകമായിട്ടുണ്ട്.

ലക്ഷദ്വീപിലെ അക്ബറില്‍ നിന്നും മുംബൈ കാമാത്തിപുരയിലെ ഭായിയിലേക്കുള്ള നിവിന്‍ പോളിയുടെ മാറ്റം ഒരു നാടകമെന്നപോലെയാണ് സംവിധായിക അവതരിപ്പിച്ചിരിക്കുന്നത്. കണ്ണുകള്‍കൊണ്ടും ശരീര ഭാഷകൊണ്ടും വൈകാരിക സംവേദനം നടത്താന്‍ നിവിന്‍ പോളി ശ്രമിക്കുന്നുണ്ടെങ്കിലും അതിന് നാടകീയത തന്നെയാണ് കൂടുതലായിട്ടുള്ളത്. ഇവിടെ നായകനല്ല, സംവിധായകയ്ക്കാണ് വലിയ പിഴവ് പറ്റിയിരിക്കുന്നത്.

ഒരു സമുദായത്തിന്റെ ആചാരങ്ങള്‍ ബോധപൂര്‍വ്വം ഇകഴ്ത്തി കാട്ടിയതും പ്രകോപനപരമാണ്. കച്ചവട സിനിമയുടെ നേട്ടത്തിനായി ആചാരങ്ങളെ ഉപയോഗപ്പെടുത്തുന്നത് ശരിയായ നടപടിയല്ല. നായകനെ ഒരു പ്രത്യേക മത വിഭാഗത്തില്‍പ്പെടുത്തി, അവനെ സ്വവര്‍ഗ്ഗരതിക്കാരനായി സൃഷ്ടിച്ചത്‌പോലും വിവാദം ലക്ഷ്യമിട്ട് മാത്രമാണ്. ഇങ്ങനെ സംശയിക്കേണ്ട നിരവധി രംഗങ്ങള്‍ ആ സിനിമയ്ക്കകത്തുണ്ട്. വിവാദത്തിലൂടെ ലഭിക്കുന്ന പബ്ലിസിറ്റിയാണ് മൂത്തോന്റെ ലക്ഷൃമെങ്കില്‍ ആ പരിപ്പ് എന്തായാലും ഇവിടെ വേവുകയില്ല.

മികച്ച കലാസൃഷ്ടിയാണ് ഈ സിനിമ എന്ന് പറയുന്നവര്‍ മികച്ച സിനിമയുടെ മാനദണ്ഡം എന്താണെന്നതാണ് ആദ്യം വ്യക്തമാക്കേണ്ടത്.

പുരസ്‌ക്കാരം നല്‍കുന്ന ബുദ്ധിജീവികളുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍മാത്രം ഒരു സിനിമയെയും വിലയിരുത്താന്‍ കഴിയുകയില്ല.


മൂത്തോന്‍ റിലീസിന് മുന്‍പ് എത്ര പുരസ്‌ക്കാരം നേടി എന്നതിലല്ല, റിലീസിന് ശേഷമുള്ള അഭിപ്രായമാണ് വിലയിരുത്തേണ്ടത്. അതിന് ആശ്രയിക്കേണ്ടത്, സിനിമ കണ്ടവരുടെ പ്രതികരണത്തെയാണ് അല്ലാതെ റിവ്യൂകളെയാവരുത്.

സമുഹത്തിന് നല്ല സന്ദേശങ്ങള്‍ നല്‍കുന്നതായിരിക്കണം സിനിമകള്‍. ഏറ്റവും അധികം ജനങ്ങളെ സ്വാധീനിക്കുന്ന മാധ്യമമെന്ന നിലയില്‍ സിനിമകള്‍ക്ക് അതിന്റേതായ ഉത്തരവാദിത്വവുമുണ്ട്.

ആ അര്‍ത്ഥത്തില്‍ നോക്കിയാല്‍ ഗീതു മോഹന്‍ദാസിന്റെ ഈ സിനിമ സമൂഹത്തിന് തെറ്റായ സന്ദേശം മാത്രമാണ് നല്‍കുന്നത്.

നായകന്‍ തന്നെയാണ് വില്ലനും എന്നതാണ് ഇവിടെ ഏറെ രസകരം. വൃത്തികെട്ടവന്‍ എന്ന് പറയാവുന്ന കഥാപാത്രത്തെതന്നെയാണ് നിവിന്‍ പോളി മൂത്തോനില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു കൊച്ചു പെണ്‍കുട്ടിയെ ചുവന്ന തെരുവില്‍ നിര്‍ത്തുന്ന ക്ലൈമാക്സ് ‘ചൂണ്ടയില്‍’ അഭിനയിച്ച ഗീതു മോഹന്‍ദാസിനല്ലാതെ മറ്റാര്‍ക്കും ഇഷ്ടപ്പെടുകയില്ല. പ്രേക്ഷകരെ അലസോരപ്പെടുത്തുന്ന രംഗമാണിത്.


ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നതിന് മുന്‍പ് നിവിനെ പോലുള്ളവര്‍ ഇനി രണ്ടു വട്ടം ആലോചിക്കുന്നതും നല്ലതായിരിക്കും. നിങ്ങളുടെ സൂപ്പര്‍താരപ്പട്ടം കൂടിയാണ് ഇങ്ങിനെപോയാല്‍ ചോദ്യം ചെയ്യപ്പെടുന്നത്.

ദുഷ്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴാണെങ്കില്‍പോലും അതിനു സാഹചര്യങ്ങളുടെ ഒരുപിന്‍ബലംവേണം. ‘മൂത്തോനി’ല്‍ അതൊരിക്കലും നമുക്ക് കാണാന്‍ കഴിയുകയില്ല.

സിനിമ കാണാന്‍ വരുന്ന കുടുംബങ്ങളിലെ കൊച്ചു കുട്ടികളുടെ കണ്ണുകള്‍ ചില സീനുകളില്‍ മാതാപിതാക്കള്‍ക്ക് പൊത്തിപിടിക്കേണ്ടി വരുന്നത് തന്നെ കഷ്ടമാണ്.

സഹികെട്ട് തിയറ്ററുകളില്‍ നിന്നും സിനിമ കഴിയും മുന്‍പേ ഇറങ്ങിപ്പോയവരും നിരവധിയാണ്. മൂത്തോനെ ഒരു കലാ സൃഷ്ടി എന്ന് പറയുന്നതിലും നല്ലത് ഒരു ‘തരികിട’ സൃഷ്ടി എന്ന് വിലയിരുത്തുന്നതായിരിക്കും.

Express view

Top