തട്ടുകടയിലെ വെടിവെപ്പ്: പരിക്കേറ്റയാളുടെ നില ഗുരുതരം

Man shot

ഇടുക്കി: മൂലമറ്റത്ത് തട്ടുകടയില്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ആക്രമണത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തിയതായി ഇടുക്കി എസ്.പി കറുപ്പ് സ്വാമി അറിയിച്ചു. തോക്കിന്റെ ഉറവിടം അറിയാനുള്ള ശ്രമത്തിലാണ് പൊലീസെന്നും ആക്രമണത്തിലേക്ക് നയിച്ച കാരണങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും എസ്.പി പറഞ്ഞു. കേസില്‍ നിലവില്‍ ഒരാള്‍ മാത്രമാണ് പ്രതി. കൂടുതല്‍ പേരെ ചോദ്യം ചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി മൂലമറ്റത്ത് തട്ടുകടയില്‍ ഭക്ഷണത്തെച്ചൊല്ലി പ്രശ്‌നമുണ്ടാക്കിയാളുടെ വെടിയേറ്റ് കഴിഞ്ഞ ദിവസം വഴിയാത്രക്കാരന്‍ മരിച്ചിരുന്നു. കീരിത്തോട് സ്വദേശി സനലാണ് മരിച്ചത്. വെടിയേറ്റ മറ്റൊരാള്‍ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വെടിവച്ച മൂലമറ്റം സ്വദേശി ഫിലിപ്പ് മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മൂലമറ്റം അശോക കവലയിലുള്ള തട്ടുകടയിലെത്തിയ രണ്ടംഗ സംഘം ബീഫ് ആവശ്യപ്പെട്ടു. എന്നാല്‍ തീര്‍ന്നെന്നും മറ്റൊരാള്‍ക്ക് പാഴ്‌സല്‍ എടുത്ത് വച്ചത് മാത്രമേയുള്ളൂവെന്ന് കടയുടമ മറുപടി നല്‍കി. ഇത് വാങ്ങാന്‍ ആളെത്തിയപ്പോള്‍ എന്തുകൊണ്ട് ബീഫ് തനിക്ക് തന്നില്ലെന്ന് പറഞ്ഞ് മദ്യലഹരിയിലായിരുന്ന ഫിലിപ്പ് മാര്‍ട്ടിന്‍ പ്രശ്‌നം തുടങ്ങി.

കടയില്‍ തടിച്ചുകൂടിയ നാട്ടൂകാരുമായി ഫിലിപ്പ് മാര്‍ട്ടിന്‍ കയ്യാങ്കളിയായി. തുടര്‍ന്ന് ഇവിടെ നിന്ന് പോയ ഇയാള്‍ തോക്കുമായെത്തി കടയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ ഇയാളെ കല്ലെറിഞ്ഞ് ഓടിച്ചു. കടയില്‍ നിന്ന് 200 മീറ്റര്‍ മാറിയുള്ള ജംഗ്ഷനില്‍ എത്തിയപ്പോള്‍ ഫിലിപ്പ് വീണ്ടും വെടിവച്ചു. ഈ സമയം ഇതുവഴി ബൈക്കില്‍ പോകുകയായിരുന്ന സനലിനും പ്രദീപിനും വെടിയേല്‍ക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. തലയ്ക്ക് വെടിയേറ്റ സനല്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

തലയ്ക്കും മാറിനും വെടിയേറ്റ പ്രദീപ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 24 മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാനാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രദീപന്റെ തലയിലെ മുറിവ് ഗുരുതരമാണ്. വെടിയുണ്ട കരളില്‍ എത്തിയിട്ടുണ്ടെന്നും ഇത് നീക്കം ചെയ്യുന്നത് ദുഷ്‌കരമാണെന്നും അധികൃതര്‍ വ്യക്തമാക്കി. കരളിലെ വെടിയുണ്ട നീക്കം ചെയ്യുന്നത് രക്ഷതസ്രാവത്തിന് കാരണമായേക്കാം എന്നതാണ് ശസ്ത്രക്രിയ ദുഷ്‌കരമാക്കുന്നത്. പ്രദീപിന്റെ മാറിലും. കൈകളിലും വയറിലും മുറിവുണ്ട്. ശസ്ത്രക്രിയയിലൂടെ ഒരു വെടിയുണ്ട നീക്കം ചെയ്തു. നാടന്‍ തോക്കില്‍ നിന്നുള്ള ചെറിയ വെടിയുണ്ടകളാണ് ശരീരത്തിലുള്ളത്. പ്രദീപ് വെന്റിലേറ്ററില്‍ ഐസിയുവിലാണുള്ളത്‌

Top