മാസപ്പടി വിവാദം; കൂടുതൽ രേഖകൾ പുറത്ത്, പട്ടികയിൽ രമേശ് ചെന്നിത്തലയുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും

തിരുവനന്തപുരം: മുഖ്യന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് മാസപ്പടിയായി 1.72 കോടിയായി നൽകിയ സംഭവം. സിഎംആർഎല്ലിന്റെ കൂടുതൽ രേഖകൾ പുറത്ത്. രാഷ്ട്രീയനേതാക്കൾ, പോലീസ്, സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമസ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം പണം നൽകിയതിന്റെ വിവരങ്ങളാണ് ആദായനികുതിവകുപ്പ് കണ്ടെത്തിയത്.

പട്ടികയിൽ പ്രതിപക്ഷ നേതാക്കളുടെ പേരുകളും ഉൾപ്പെടുന്നു. പട്ടികയിൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ പേരുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും ഉണ്ട്. രാഷ്ട്രീയക്കാർക്ക് പണം നൽകിയത് ബിസിനസ് സുഗമമാക്കാനെന്നാണ് കമ്പനിയുടെ വിശദീകരണം.

2019ൽ കമ്പനി സി.എഫ്.ഒ. കെ.എസ്. സുരേഷ് കുമാറിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ കണ്ടെടുത്ത രേഖകളിൽ കെകെ(കുഞ്ഞാലിക്കുട്ടി), എജി(എ ഗോവിന്ദൻ), ഒസി(ഉമ്മൻ ചാണ്ടി), പിവി(പിണറായി വിജയൻ), ഐകെ(ഇബ്രാഹിം കുഞ്ഞ്), ആർസി(രമേശ് ചെന്നിത്തല) എന്നിങ്ങനെ ചുരുക്കപ്പേരുകളുടെ രൂപത്തിലാണ് നേതാക്കളുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഏതു ദിവസം, എത്ര പണം, ആർക്കു നൽകി എന്നീ വിവരങ്ങൾ എംഡി ശശിധരൻ കർത്ത ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ആദായവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഭരണ-പ്രതിപക്ഷ നേതാക്കളെ ബാധിക്കുന്നതിനാൽ വിഷയം നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കില്ല. വലിയ വിവാദമാക്കി മാറ്റേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എന്നാൽ വിഷയം ആളിക്കത്തിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.

Top