മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ സംബാജി ഭീദേയ്‌ക്കെതിരായ കേസുകള്‍ ഒഴിവാക്കിയെന്ന് വിവരാവകാശ രേഖ. മുംബൈയില്‍ നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകനാണ് ഇതു സംബന്ധിച്ച രേഖകള്‍ പുറത്തു വിട്ടത്. ഭീമ കൊറേഗാവ് കേസില്‍ കുറ്റരോപിതനാണ് ഭീദേ. ശ്രീ ശിവപ്രതിഷ്ഠാന്‍ എന്ന ഹിന്ദു സംഘടനയുടെ നേതാവാണ് ഇദ്ദേഹം. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അഞ്ച് പൗരാവകാശ പ്രവര്‍ത്തകരെ മഹാരാഷ്ട്ര പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
ആക്ടിവിസ്റ്റായ ഷക്കീല്‍ അഹമ്മദ് ഷേയ്ഖാണ് ഇത് സംബന്ധിച്ച് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. 2014ല്‍ ദേവേന്ദ്ര ഫട്‌നാവിസ് അധികാരത്തില്‍ വന്നതിന് ശേഷം സംബാജി ഭീദേയ്‌ക്കെതിരായ മൂന്ന് കേസുകളാണ് പിന്‍വലിച്ചത്. ജോധാ അക്ബര്‍ സിനിമ പ്രദര്‍ശിപ്പിച്ച തീയറ്ററില്‍ ആക്രമണം നടത്തി എന്നതാണ് 2008ല്‍ ഭീദേയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകളില്‍ ഒന്ന്.
പ്രമുഖ നേതാക്കള്‍, വിവിധ പാര്‍ട്ടികളിലെ ഉന്നത ഭാരവാഹികള്‍ തുടങ്ങിയവര്‍ക്കെതിരെ ഉണ്ടായിരുന്ന പിന്‍വലിച്ച കേസുകളുടെ വിവരങ്ങള്‍ സംബന്ധിച്ചാണ് ഷെയ്ഖ് ആര്‍ടിഐയിലൂടെ ചോദിച്ചത്. 2008 മുതല്‍ ഇത്തരത്തില്‍ പിന്‍വലിക്കപ്പെട്ട കേസുകളെക്കുറിച്ചും അപേക്ഷയില്‍ ആരാഞ്ഞിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് അപേക്ഷ സമര്‍പ്പിച്ചത്.
ഭീദേയ്ക്ക് പുറമെ ഭാരതീയ ജനതാ പാര്‍ട്ടിയ്‌ക്കെതിരെയുള്ള 9 കേസുകളും ശിവസേന നേതാക്കള്‍ക്കെതിരായ കേസും പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. 2014 മുതല്‍ ഇതുവരെ സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ ഭൂരിഭാഗം കേസുകളും പൊതു മുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ളവയായിരുന്നു.
എന്നാല്‍, ഭീമ കൊറേഗാവ് കേസുമായ ബന്ധപ്പെട്ട് ഭീദേയ്‌ക്കെതിരെയും മറ്റ് ആര്‍ക്കെതിരെയുമുള്ള കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്നും. ഭീമ കൊറേഗാവിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും പൂനെ പോലീസ് സൂപ്രണ്ട് പ്രതികരിച്ചു.
ഭീമ കൊറേഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികാഘോഷത്തിനിടെ അക്രമം ഉണ്ടാക്കിയെന്നാണ് സംബാജി ഭീദേയ്‌ക്കെതിരായ കേസ്. ജനുവരി ഒന്നിന് പൂനെയില്‍ നടന്ന പരസ്പരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഘര്‍ഷത്തിന് കാരണക്കാരനായ ഭീദേയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡോ.അംബേദ്ക്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്ക്കറുടെ നേതൃത്വത്തില്‍ മുംബൈയില്‍ പ്രക്ഷോഭം നടത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഭാദേയെ സംരക്ഷിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. ശിവാജി ജയന്തി വേളയില്‍ ഭിദേയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം മോദി ട്വീറ്റ് ചെയ്തിരുന്നു. തന്റെയാളെ തൊടരുതെന്നാണ് പ്രധാനമന്ത്രി ട്വീറ്റിലൂടെ ഉദ്ദേശിച്ചതെന്ന് പ്രകാശ് അംബേദ്ക്കര്‍ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരാവകാശ രേഖ.
ഭീമ കൊറേഗാവ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വരവര റാവു അടക്കമുള്ള അഞ്ച് പൗരാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത വിഷയം കോണ്‍ഗ്രസ് മഹാരാഷ്ട്രയിലെ പ്രധാന രാഷ്ട്രീയ ആയുധമാക്കുമ്പോഴാണ് ബിജെപിയുടെ ഇരട്ടത്താപ്പ് പുറത്താകുന്നത്.