സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകും; അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ ശക്തമായി തുടരും. തുലാവര്‍ഷമെത്തിയതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചതിരിഞ്ഞ് ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലകളിലും തീരദേശ മേഖലകളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായിരുന്നു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നാണ് മുന്നറിയിപ്പ്. ശക്തമായ തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ മുന്നന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്നലെ തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ പെയ്തിരുന്നു. കോട്ടയം വടവാതൂരില്‍ അരമണിക്കൂറിനിടെ 43 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. തിരുവനന്തപുരം തമ്പാനൂരില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ എസ്എസ് കോവില്‍ റോഡ് അടച്ചു. തിരുവനന്തപുരത്ത് പിരപ്പന്‍കോട് രണ്ട് മണിക്കൂറിനിടെ 67 മില്ലീമീറ്ററും നെയ്യാറ്റിന്‍കരയില്‍ 56 മില്ലീമീറ്ററും മഴ ലഭിച്ചു.

തിരുവനന്തപുരം നഗരത്തില്‍ പെയ്ത കനത്ത മഴയില്‍ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. വെള്ളം കയറിയതോടെ എസ്എസ് കോവില്‍റോഡ് താത്കാലികമായി അടച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി.

Top