കാലവര്‍ഷക്കെടുതി: അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ്സെക്രട്ടറിക്കും കളക്ടര്‍മാര്‍ക്കും മുഖ്യമന്തിയുടെ നിര്‍ദ്ദേശം

Pinarayi Vijayan

തിരുവനന്തപുരം : കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കളക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷം കൂടുതല്‍ ദുരിതം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്രദുരന്തനിവാരണസേനയെ അയക്കുമെന്നും 48 പേരടങ്ങുന്ന സംഘം ഉടന്‍ കോഴിക്കോട് എത്തിച്ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അടിയന്തരഘട്ടങ്ങളെ നേരിടാന്‍ ഒരു സംഘത്തെ കൂടി സംസ്ഥാനത്തേക്ക് എത്തിക്കും. ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍
പങ്കാളികളാകാന്‍ പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ ഗതാഗത, തൊഴില്‍ വകുപ്പുമന്ത്രിമാര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചിരുന്നു. ആവശ്യമെങ്കില്‍ തമിഴ് നാട്ടില്‍ നിന്നും കൂടുതല്‍ സേനയെ കൊണ്ടവരുമെന്നും മേഖലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും ജനങ്ങള്‍ ജാഗ്രതാ പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

Top