കാലവർഷം സംസ്ഥാനമാകെ വ്യാപിച്ചു; 12 വരെ ശക്തമായ മഴ

തിരുവനന്തപുരം : സംസ്ഥാനമാകെ കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ജൂൺ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി സ്ഥിതി ചെയ്യുകയാണ്. ഇനിയും ശക്തി പ്രാപിക്കുന്ന ബിപോർജോയ് അടുത്ത 24 മണിക്കൂറിൽ വടക്ക് – വടക്ക് കിഴക്ക് ദിശയിലും തുടർന്നുള്ള 3 ദിവസം വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.

വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലെ ന്യുനമർദ്ദം ബംഗ്ലദേശ് – മ്യാൻമർ തീരത്തിനു സമീപം അതിശക്തമായ ന്യുനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. ജൂൺ 10ന് അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Top