തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ആറിനെത്തും

heavyrain

തിരുവനന്തപുരം: ജൂണ്‍ ആറിനുതന്നെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാവകുപ്പ്. ഈ വര്‍ഷത്തെ മഴക്കാലത്തെപ്പറ്റിയുള്ള രണ്ടാം റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.

രാജ്യമൊട്ടാകെ സാധാരണതോതില്‍ മഴലഭിക്കും. ദീര്‍ഘകാല ശരാശരിയുടെ 96 മുതല്‍ 104 ശതമാനംവരെയാണ് പ്രതീക്ഷിക്കുന്നത്. കേരളം ഉള്‍പ്പെടുന്ന തെക്കന്‍ മുനമ്പില്‍ ശരാശരിയുടെ 97 ശതമാനം മഴ പെയ്യുമെന്നാണ് കരുതുന്നത്. ഇത് എട്ടുശതമാനം കൂടുകയോ കുറയുകയോ ചെയ്യാം. ഇത് കേരളത്തിന് ആശ്വാസമാണ്. വേനല്‍മഴ ഇത്തവണ 55 ശതമാനം കുറഞ്ഞതുകാരണം സംസ്ഥാനം വരള്‍ച്ചയിലേക്ക് നീങ്ങുമോ എന്ന ആശങ്കയുണ്ടായിരുന്നു.

മേയ് 18-ന് കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെത്തിയിരുന്നു. ബുധനാഴ്ചയോടെ മാലെദ്വീപ്, കന്യാകുമാരി പ്രദേശങ്ങളുടെ തെക്കന്‍മേഖലകളിലെത്തി. അടുത്ത 72 മണിക്കൂറിനുള്ളില്‍ അറബിക്കടലിന്റെ തെക്കന്‍ ഭാഗത്തെത്തും. ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് ജൂണ്‍ ആറിനുതന്നെ കേരളത്തിലെത്താനാണ് സാധ്യത.

Top