പ്രകൃതിയെ കൊല്ലുന്ന മനുഷ്യന് മുന്നറിയിപ്പ് ! ഈ ഗാനം ഓർമ്മപ്പെടുത്തിയത് ‘സംഭവിച്ചു’

WhatsApp Image 2018-08-10 at 10.04.21 AM

നുഷ്യന്റെ ക്രൂരതയില്‍ പിടയുന്ന പ്രകൃതിയുടെ വിലാപം 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കവിത രൂപത്തില്‍ ഇഞ്ചക്കാട് ബാലചന്ദ്രന്‍ അവതരിപ്പിച്ചപ്പോള്‍ അതത്ര ശ്രദ്ധിക്കപ്പെട്ടില്ല, എന്നാല്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം ആ കവിത രശ്മി സതീഷ് ഒരു സമരപന്തലില്‍ പാടിയപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായി പടര്‍ന്നു.

ആരുടെയും മനസ്സിനെ ആഴത്തില്‍ സ്വാധീനിക്കുന്ന വരികളും ഗായികയുടെ ശബ്ദവുമായിരുന്നു ഈ കവിതയെ ജനപ്രിയമാക്കിയത്.

പ്രകൃതിയുടെ നിലവിളി വൈകാരികമായി ആലപിച്ച ഈ കവിതയുടെ പ്രസക്തി കേരളത്തില്‍ പ്രകൃതി കലി തുള്ളുന്ന ഈ സമയത്തെങ്കിലും നാം ഓര്‍ക്കണം.

‘ഇനി വരുന്ന തലമുറക്ക് ഇവിടെ വാസം സാധ്യമോ’ എന്ന ചോദ്യം കവിതയില്‍ ഒരു മുന്നറിയിപ്പായിരുന്നുവെങ്കില്‍ ഇന്ന് അത് യാഥാര്‍ത്ഥ്യമാകുമോ എന്ന വലിയ ആശങ്കക്ക് തന്നെ കാരണമായിരിക്കുകയാണ്. പ്രകൃതിയെ മലീമസമാക്കുന്നതിനെതിരെയും, വെള്ളം കെട്ടിനിര്‍ത്തുന്ന കൂറ്റന്‍ ഡാമുകള്‍ക്കെതിരെയും കവിതയില്‍ കവി കലിതുള്ളുന്നുണ്ട്.

നദികള്‍ക്കു പോലും വഴിമുടക്കി കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചും, ഡാമുകള്‍ പടുത്തുയര്‍ത്തിയും, മലയിടിച്ചും, മണല് വാരിയും, വെടിമരുന്നു ഉപയോഗിച്ച് പാറകള്‍ പൊട്ടിച്ചും, ബോര്‍വെല്‍ ഉപയോഗിച്ച് വെളളമൂറ്റിയും, അന്തരീക്ഷത്തില്‍ അനിയന്ത്രിതമായി വിഷ പുകകള്‍ ‘നിക്ഷേപിച്ച് ‘മലിനമാക്കിയും, മരങ്ങള്‍ വെട്ടിമാറ്റിയും, പാടങ്ങള്‍ നികത്തിയുമെല്ലാം പ്രകൃതിയെ സംഹരിക്കാന്‍ ഇറങ്ങിയ മനുഷ്യര്‍ . . അവരാണിപ്പോള്‍ ഈ വലിയ വിപത്ത് വിളിച്ചു വരുത്തിയിരിക്കുന്നത്.

കനത്ത മഴ ഇനിയും ശക്തമായി തുടര്‍ന്നാല്‍ എന്താണ് സംഭവിക്കുക എന്നത് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ സാധിക്കുന്നതല്ല. ഇപ്പോള്‍ തന്നെ ഇടുക്കിയിലെ അഞ്ച് ഷട്ടറുകള്‍ തുറന്നു കഴിഞ്ഞു. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ തുടരുന്ന കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ പട്ടാളമടക്കമുള്ള സുരക്ഷാസേനകളും രംഗത്തിറങ്ങിക്കഴിഞ്ഞു. പ്രകൃതി ക്ഷോഭത്തില്‍ ഇതുവരെ 27 പേര്‍ മരണപ്പെട്ടിട്ടുണ്ട്.

heavy rain

ചരിത്രത്തില്‍ ഇന്നുവരെ വെള്ളപ്പൊക്കമുണ്ടാവാത്ത പാലക്കാട് നഗരം പോലും വലിയ കെടുതിക്ക് സാക്ഷ്യം വഹിക്കേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്.

ഇവിടെ അടക്കം കേരളത്തിലെ എല്ലാ ജില്ലകളിലും ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഒഴുകി പോകാനുള്ള മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചത് മനുഷ്യര്‍ തന്നെയാണ്.

മണ്ണ് നികത്തി നിര്‍മ്മിച്ച കൂറ്റന്‍ കെട്ടിടങ്ങളും, റോഡുകളും, മണലൂറ്റുമാണ് ഈ അവസ്ഥക്ക് പ്രധാന കാരണം. കൃഷിഭൂമിയും തണ്ണീര്‍ത്തടങ്ങളും തോടുകളുമെല്ലാം വ്യാപകമായാണ് നികത്തപ്പെട്ടിരിക്കുന്നത്.

വികസനം വേണം അക്കാര്യത്തില്‍ തര്‍ക്കമില്ല, പക്ഷേ അത് പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് ആകണമായിരുന്നു. മാറി വരുന്ന സര്‍ക്കാറുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ഇനിയെങ്കിലും ശ്രദ്ധിച്ചില്ലങ്കില്‍ കൊടിയ ദുരന്തത്തിനായിരിക്കും കേരളം സാക്ഷ്യം വഹിക്കേണ്ടി വരിക.

കറണ്ട് ഉല്‍പ്പാദത്തിനു മറ്റു മാര്‍ഗ്ഗങ്ങള്‍ കൂടി പരീക്ഷിച്ച് ഡാമുകളില്‍ വെള്ളം കെട്ടി നിര്‍ത്തുന്ന ഏര്‍പ്പാട് തന്നെ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു.

പുഴകള്‍ സ്വതന്ത്രമായി ഒഴുകട്ടെ . . അതിന് ഒറ്റയടിക്ക് ഇത്തരം തിരുത്തല്‍ നടപടി സാധ്യമല്ലങ്കില്‍ ഇടക്കിടെ ഡാമുകള്‍ തുറന്ന് വിട്ട് ഒഴുകാനുള്ള സാഹചര്യം സൃഷ്ടിക്കാനെങ്കിലും ഭരണകൂടം തയ്യാറാകണം.

heavy rain

ഭൂമി അങ്ങേയറ്റം അപകടകരമായ അവസ്ഥയിലെത്തിയിട്ടും മനുഷ്യരുള്‍പ്പെടെ സകല ജീവജാലങ്ങളുടെയും നിലനില്‍പ്പിനെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടും ഇക്കാലമത്രയും ഒരു പരിഹാര നടപടിയും തുടങ്ങിയിട്ടില്ല. മനുഷ്യരുടെ ആര്‍ത്തിയാണ് പലപ്പോഴും പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമായിട്ടുള്ളതെന്നത് ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടുന്നതാണ്.

കേരളത്തിന്റെ മാത്രമല്ല ദക്ഷിണേന്ത്യയുടെ മുഴുവന്‍ ജലലഭ്യതയും നിലനില്‍പ്പും പശ്ചിമഘട്ട മലനിരകളെ ആശ്രയിച്ചാണ്.

കേരളത്തിലെ 44 നദികളുടെയും ഉത്ഭവം ഈ മലനിരകളില്‍ നിന്നാണ്. ഈ നദികളുടെയും കൈവഴികളുടെയും ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാകും കയ്യേറ്റങ്ങളുടെ ഭീകരത.

അന്തരീക്ഷ മലനീകരണമില്ലാതാക്കി ശുദ്ധവായു നല്‍കുന്ന കാടുകള്‍, മലകള്‍ എല്ലാം ‘കച്ചവടക്കണ്ണുകള്‍’ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

നദികളെ മാത്രമല്ല കടലിനെയും മനുഷ്യന്‍ വെല്ലുവിളിക്കുകയാണ്. തീരപ്രദേശങ്ങളില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കടലും തീരവും തമ്മിലുള്ള ജൈവ ബന്ധത്തെയും താപജല കൈമാറ്റങ്ങളെയും വരെ ബാധിച്ചിട്ടുണ്ട്.

ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ പൂര്‍ണ്ണമായും തുറക്കുമ്പോള്‍ വെള്ളം ഒഴുകി പോകേണ്ടതും ആത്യന്തികമായി കടലിലേക്ക് തന്നെയാണെന്നതും ഓര്‍ക്കണം.

പ്രകൃതിയെ ചൂഷണം ചെയ്താല്‍ . . ആക്രമിച്ചാല്‍ . . അതിന്റെ ഫലം മനുഷ്യര്‍ തന്നെ അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് നല്‍കുമ്പോഴും ഇഞ്ചക്കാട് ബാലചന്ദ്രനെ പോലെയുള്ള കവികള്‍ ഓര്‍മ്മിപ്പിക്കുമ്പോഴും മുഖം തിരിക്കുന്നവര്‍ ഇപ്പോള്‍ കേരളം നേരിടുന്ന ഭീതിയുടെ പശ്ചാത്തലത്തിലെങ്കിലും ഉടന്‍ തിരുത്തല്‍ നടപടിക്ക് തയ്യാറാവുകയാണ് വേണ്ടത്.

ന്യൂനപക്ഷത്തിന്റെ കച്ചവട താല്‍പ്പര്യങ്ങള്‍ക്ക് ഒരു സമൂഹത്തെ തന്നെ ബലി കൊടുക്കാതിരിക്കാന്‍ ആവശ്യമായ ജാഗ്രത ഭരണകൂടവും കാണിക്കേണ്ടതുണ്ട്.

മഹാദുരന്തം മൂന്‍കൂട്ടിക്കണ്ട് കാല്‍ നൂറ്റാണ്ടു മുന്‍പ് ഇഞ്ചക്കാട് ബാലചന്ദ്രന്‍ എഴുതിയ കവിത;

ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
മലിനമായ ജലാശയം അതി
മലിനമായൊരു ഭൂമിയും ……

തണലുകിട്ടാന്‍ തപസ്സിലാണിന്നിവിടെയെല്ലാമലകളും.
ദാഹനീരിനു നാവുനീട്ടി വലഞ്ഞു പുഴകള്‍ സര്‍വവും
കാറ്റുപോലും വീര്‍പടക്കി കാത്തുനില്‍ക്കും നാളുകള്‍
ഇലകള്‍ മൂളിയ മര്‍മരം കിളികള്‍ പാടിയ പാട്ടുകള്‍
ഒക്കെയിങ്ങുനിലച്ചു, കേള്‍പ്പതു പ്രിഥ്വി തന്നുടെ നിലവിളി .. .

നിറങ്ങള്‍ മായും ഭൂതലം വസന്തമിങ്ങു വരാത്തിടം
നാളെ നമ്മുടെ ഭൂമിയോ മഞ്ഞുമൂടിയ പാഴ്‌നിലം
സ്വാര്‍ത്ഥ ചിന്തകലുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമിതന്നുടെ നന്മകള്‍
നനവ് കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനീയും ജീവിതം
ഒരുമയോടെ നമുക്ക് നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരേ

പെരിയ ഡാമുകള്‍ രമ്യ ഹര്‍മ്യം അണു നിലയം യുദ്ധവും
ഇനി നമുക്കീ മണ്ണില്‍ വേണ്ടെന്നൊരു മനസ്സായ് ചൊല്ലിടാം
വികസനം അത് മര്‍ത്യ മനസ്സിന്‍ അതിരില്‍ നിന്ന് തുടങ്ങണം
വികസനം അത് നന്മ പൂക്കും ലോക സൃഷ്ടിക്കാ യിടാം

Team express keralaRelated posts

Back to top