മോന്‍സന്റെ തട്ടിപ്പുകേസ്; അനിതയുടെ മൊഴിയെടുത്തു, ഉന്നതര്‍ക്കെതിരെ വെളിപ്പെടുത്തല്‍

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സനുമായുള്ള ബന്ധം സംബന്ധിച്ച് അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. മോന്‍സനുമായി ബന്ധമുള്ളതും, സഹായം നല്‍കിയതുമായ ഉന്നതരുടെ പേരുകള്‍ അനിത അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

മോൻസന്റെ തട്ടിപ്പുകളെക്കുറിച്ച് ആദ്യം അറി‍‍ഞ്ഞില്ലെന്ന് മൊഴി നൽകിയ അനിത, തെറ്റിപ്പിരിഞ്ഞ ശേഷമാണ് തട്ടിപ്പുകാരനെന്ന് അറിഞ്ഞതെന്നും അന്വേഷണ സംഘത്തോട് പറഞ്ഞു.

നേരത്തെ, ഉന്നത പോലീസുദ്യോഗസ്ഥരുമായി അനിത നടത്തിയ ചാറ്റുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ചാറ്റുകളില്‍ പലതും ഡിലീറ്റ് ചെയ്ത നിലയിലാണ്. അനിതയുമായി മോന്‍സണ് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നും പരിശോധിയ്ക്കും.

മോന്‍സന്റെ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്താനുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളുടെ അടുപ്പക്കാരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. നേരത്തേ മോന്‍സന്റെ ഫോണ്‍കാളുകളും വീട്ടില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ച് ഇയാളുമായി സ്ഥിരമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തിയാണ് ചോദ്യം ചെയ്യുന്നത്.

Top